കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തോല്‍വിയിലും നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും മുഖം നഷ്ടമായ ബംഗാള്‍ ബി.ജെ.പി. നിയമപോരാട്ടത്തിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ മാര്‍ജിനില്‍ സീറ്റ് നഷ്ടമായ മണ്ഡലങ്ങളുടെ ഫലം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഹരജി നല്‍കും.
സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നന്ദിഗ്രാമിലെ തോല്‍വിയില്‍ മമത ബാനര്‍ജിയടക്കം നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നീക്കം.
‘നിയമവിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സീറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്,’ ദിലിപ് ഘോഷ് പറഞ്ഞു.
തന്റെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരിയോട് 1200 ഓളം വോട്ടുകള്‍ക്കായിരുന്നു മമത പരാജയപ്പെട്ടത്. സുവേന്തുവിന്റെ സിറ്റിംഗ് സീറ്റായിരുന്നു നന്ദിഗ്രാം.തന്റെ സിറ്റിംഗ് സീറ്റായ ഭബാനിപൂര്‍ വിട്ടായിരുന്നു നന്ദിഗ്രാമില്‍ മത്സരിച്ചത്.
എന്നാല്‍ തോറ്റെങ്കിലും തൃണമൂലിനെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റാന്‍ മമതയ്ക്കായി. ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതിയെന്നതിനാല്‍ മമത തന്നെയാണ് ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം കൈയാളുന്നത്.