| Wednesday, 15th October 2014, 12:17 pm

മീററ്റ് 'ലവ് ജിഹാദ്' വിവാദം: തന്റെ കുടുംബത്തിന് ബി.ജെ.പി നേതാവ് 25,000 രൂപ നല്‍കിയെന്ന് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മീററ്റ്: കൂട്ടമാനഭംഗത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായെന്ന പരാതി വ്യാജമാണെന്ന വെളിപ്പെടുത്തലുമായി മീററ്റിലെ യുവതി രംഗത്തെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയെ ആക്രമിച്ചതിനും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

കൂട്ടബലാത്സംഗം ചെയ്തശേഷം മതംമാറ്റിയെന്ന തന്റെ പരാതി വ്യാജമാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസമാണ് യുവതി രംഗത്തെത്തിയത്. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നും യുവതി പോലീസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിനീത് അഗര്‍വാളെന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ ആഗസ്റ്റ് 7ാം തിയ്യതി തന്റെ കുടുംബത്തിന് 25,000 രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതി  പറയുന്നു. പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ തുക നല്‍കുമെന്നും അയാള്‍ ഉറപ്പുനല്‍കിയെന്ന് യുവതി വ്യക്തമാക്കി.

പണം ലഭിച്ചിട്ടുണ്ടോയെന്ന് യുവതിയുടെ ബന്ധുക്കളോട് ചോദിച്ചപ്പോള്‍ പിതാവിന്റെ മറുപടിയിതായിരുന്നു-” ഹിന്ദുത്വവാദികള്‍ ഞങ്ങള്‍ക്ക് പണം തന്ന് സഹായിച്ചിട്ടുണ്ട്. കാരണം ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ഈ വിഷയം രാഷ്ട്രീയവത്കരിക്കരുത്.”  എന്നാല്‍ പണം തന്നത് ആരാണെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞിട്ടില്ല.

പണം നല്‍കിയെന്ന കാര്യം വിനീത് അഗര്‍വാള്‍ സമ്മതിച്ചിട്ടുണ്ട്. താന്‍ 25,000 രൂപ നല്‍കിയെന്നും അവര്‍ പാവപ്പെട്ടവരായത് കൊണ്ട് സഹായം എന്ന ഉദ്ദേശ്യത്തിലാണ് ഇങ്ങനെ ചെയ്തതെന്നും വിനീത് പറഞ്ഞു.

” സംഭവം പുറത്തായപ്പോള്‍ ഞാന്‍ യുവതിയുടെ വീട്ടില്‍ ചെന്നു. അവളുടെ കുടുംബം വളരെ പാവപ്പെട്ടവരായതിനാല്‍ മാനുഷിക പരിഗണനവെച്ച് ഞാനവരെ പണം നല്‍കി സഹായിച്ചു. എന്റെ സഹായത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ട. അവള്‍ മറ്റേതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ കൂടി ഞാനിത് തന്നെ ചെയ്യുമായിരുന്നു.” വിനീത് വ്യക്തമാക്കി.

ബി.ജെ.പി നേതാവില്‍ നിന്നുള്ള പണത്തിന്റെ വരവ് നിലച്ചാല്‍, തന്റെ വീടിന് ചുറ്റുമുണ്ടായിരുന്നു സുരക്ഷാ വലയം അവസാനിപ്പിച്ചാല്‍, തന്നെ വധിക്കണമെന്ന് കുടുംബാംഗങ്ങള്‍ക്ക് തീരുമാനിച്ചതായും യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം യുവതിയുടെ വീടിന് ചുറ്റുമുള്ള സുരക്ഷാ വലയം എടുത്തുമാറ്റിയിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്.

എന്നാല്‍ യുവതിയുടെ ആരോപണങ്ങളെല്ലാം കുടുംബാംഗങ്ങള്‍ തള്ളിയിട്ടുണ്ട്. കഴിഞ്ഞ രണ്ടരമാസമായി അവള്‍ തങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. തങ്ങള്‍ക്ക് അവളെ കൊല്ലണമെങ്കില്‍ ഇത്രയും കാലം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.

മുസ്‌ലിം വിഭാഗക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുവതി മൊഴി മാറ്റിയതെന്നാണ് പിതാവ് പറയുന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ മുസാഫിര്‍നഗര്‍ മദ്രസ്സയില്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് ആഗസ്റ്റിലാണ് യുവതി പരാതി നല്‍കിയത്. അവിടെ തന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ ഉണ്ടായിരുന്നെന്നും തന്നെ അവര്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിച്ചുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് ഈ മൊഴി വ്യാജമാണെന്ന് പറഞ്ഞ് യുവതി തന്നെ രംഗത്തെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more