അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ഭീഷണിയുമായി സി.കെ പത്മാനാഭന്‍, സമരപ്പന്തലിനു സമീപത്തെ ആത്മഹത്യാശ്രമം സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ ബി.ജെ.പി
Sabarimala women entry
അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ഭീഷണിയുമായി സി.കെ പത്മാനാഭന്‍, സമരപ്പന്തലിനു സമീപത്തെ ആത്മഹത്യാശ്രമം സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 7:55 am

തിരുവനന്തപുരം: ബി.ജെ.പിയുടെ സമരപ്പന്തലിന് സമീപം മധ്യവയ്‌സകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ ബി.ജെ.പി. സംഭവം നടന്നതിന് ശേഷം ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും നിരാഹാരമിരിക്കുന്ന സി.കെ പത്മാനാഭനും സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ആത്മഹത്യാശ്രമമെന്നായിരുന്നു പ്രതികരിച്ചത്.

“തീകൊള്ളിക്കൊണ്ട് തല ചൊറിയുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല. ശബരിമലയ്ക്ക് വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.”സി.കെ പത്മാനാഭന്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് “തീര്‍ച്ചയായും അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും” എന്നായിരുന്നു സി.കെ പത്മാനാഭന്റെ പ്രതികരണം.

ALSO READ: അപര്‍ണ ശിവകാമിയുടെ വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ പൊലീസ് കേസ്; അപര്‍ണക്കെതിരെയും കേസ്

അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നറിയില്ലെന്നും ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും സി.കെ. പത്മാനാഭന്‍ പറഞ്ഞു. ശബരിമല സമരത്തോട് ഫാസിസ്റ്റ് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഫലമായി അയ്യപ്പഭക്തന്‍മാരുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചയോടെയാണ് സി.കെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം നടന്നത്. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു.

ALSO READ: കണ്ണൂര്‍ വിമാനത്താവളം: ഈ ആഹ്ലാദങ്ങള്‍ക്കിടയിലും കരയുന്ന ചില മനുഷ്യരുണ്ട്; നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും കേരളാ മോഡലിന്റെ ഇരകള്‍

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഉടന്‍ പൊലീസും മറ്റുള്ളവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

WATCH THIS VIDEO: