| Thursday, 21st September 2017, 10:08 am

മുസ്‌ലിം യുവാവിനൊപ്പം ഇരുന്നതിന് ഹിന്ദുപെണ്‍കുട്ടിയ്ക്ക് ബി.ജെ.പി നേതാവിന്റെ മര്‍ദ്ദനം: പ്രായപൂര്‍ത്തിയായ ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിളിച്ചുപറഞ്ഞ് പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഖഢ്: മുസ്‌ലിം സുഹൃത്തിനൊപ്പം ഇരുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് ബി.ജെ.പി നേതാവിന്റെ മര്‍ദ്ദനം. പെണ്‍കുട്ടിയെ ബി.ജെ.പി വനിതാ നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. അലിഖഢിലാണ് സംഭവം.

“നീ ഒരുപാട് വളര്‍ന്നില്ലേ. അവന്‍ മുസ്‌ലിം ആണെന്ന് നിനക്ക് അറിയില്ലേ.” എന്നു പറഞ്ഞുകൊണ്ടാണ് ബി.ജെ.പിയുടെ വനിതാ നേതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്.

ബി.ജെ.പി അലിഖഢിന്റെ വനിതാ വിഭാഗം പ്രസിഡന്റായ സംഗീത വര്‍ഷ്‌നെയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിക്ക് മുസ്‌ലിം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് സംഗീതയുടെ മര്‍ദ്ദനം.

പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍വെച്ച് മര്‍ദ്ദിച്ചതുകൊണ്ടും സംഗീതയുടെ കലിയടങ്ങിയില്ല. അവര്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിപ്പിച്ച് അവരോട് കുട്ടിയെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയും നേരത്തെ ഈ യുവതീ യുവാക്കളെ അധിക്ഷേപിച്ചിരുന്നു. ഒരുമിച്ചിരുന്ന ഇവരെ പിടികൂടി തിരക്കേറിയ നിരത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മുസ്‌ലിം യുവാവിനെതിരെ ലവ് ജിഹാദിന് നടപടിയെടുക്കണമെന്നും ഹിന്ദു യുവവാഹിനി ആവശ്യപ്പെട്ടിരുന്നു.


Must Read: റോഹിങ്ക്യന്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കണം: വി.എച്ച്.പി


എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്കൊപ്പമുള്ള മുഹമ്മദ് ഫൈസാന്‍ എന്ന യുവാവ് തന്റെ ബോയ്ഫ്രണ്ടാണെന്നും രണ്ടുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി തന്നെ മര്‍ദ്ദിക്കുന്നവരോട് വിളിച്ചുപറയുന്നത് വീഡിയോയിലും കേള്‍ക്കാം.

അതിനിടെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചകാരം സംഗീത വര്‍ഷ്‌നെ സമ്മതിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. “അവരെ വിശ്വസിക്കാന്‍ പറ്റില്ല. ഇത്തരം പ്രണയബന്ധങ്ങളുടെ പ്രത്യാഘാതം എല്ലാവര്‍ക്കും അറിയുന്നതല്ലേ” എന്നു പറഞ്ഞുകൊണ്ടാണ് തന്റെ നടപടിയെ അവര്‍ ന്യായീകരിച്ചത്.

അതിനിടെ, പൊതുനിരത്തില്‍വെച്ച് അശ്ലീല പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ഫൈസാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അലിഖഢ് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ പറഞ്ഞു. ഫൈസാനെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പൊതുമധ്യത്തില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച ബി.ജെ.പി നേതാവിനെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ യു.പി പൊലീസിനും മുഖ്യമന്ത്രിക്കും ഈ വീഡിയോ ടാഗ് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more