'ഹിന്ദു ഭീകരത' എന്ന പദം ആദ്യം ഉപയോഗിച്ചയാളെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കി: ദിഗ് വിജയ സിങ്
Saffron Terror
'ഹിന്ദു ഭീകരത' എന്ന പദം ആദ്യം ഉപയോഗിച്ചയാളെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കി: ദിഗ് വിജയ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 9:35 am

ഭോപാല്‍: രാജ്യത്ത് ‘ഹിന്ദു ഭീകരത’ എന്ന പദം കൊണ്ടു വന്നത് താനല്ലെന്ന് കോണ്‍ഗ്രസ് നേതാവും ഭോപാല്‍ സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയസിങ്. ഹിന്ദു ഭീകരത എന്നല്ല താന്‍ പറഞ്ഞതെന്നും ‘സംഘി ഭീകരത’ എന്ന പദമാണ് താന്‍ ഉപയോഗിച്ചതെന്നും ദിഗ് വിജയ സിങ് പറഞ്ഞു.

അഭ്യന്തര സെക്രട്ടറിയായിരിക്കെ ആര്‍.കെ സിങ്ങാണ് ‘ഹിന്ദു ഭീകരത’ വാക്ക് ഉപയോഗിച്ചത്. അദ്ദേഹത്തെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കി. താനും ജനാര്‍ദ്ദന്‍ ദ്വിവേദിയും പ്രയോഗത്തെ എതിര്‍ത്തിരുന്നുവെന്നും ദിഗ് വിജയസിങ് പറഞ്ഞു.

ആര്‍.കെ സിങ്

ഹിന്ദുക്കള്‍ക്ക് തീവ്രവാദികളാവാന്‍ കഴിയില്ല. ‘ഹിന്ദുത്വ’ ഹിന്ദുമതത്തിന്റെ ഭാഗമല്ല. സവര്‍ക്കറാണ് ഹിന്ദുത്വ എന്ന ആശയം കൊണ്ടു വന്നത്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. മതത്തെ താന്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാറില്ലെന്നും ദിഗ് വിജയസിങ് പറഞ്ഞു.

ഭോപാലില്‍ പ്രഗ്യാസിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രാജ്യത്ത് ‘ഹിന്ദു ഭീകരത’ ആരോപിച്ചിട്ടുള്ളവര്‍ക്കുള്ള മറുപടിയായിട്ടാണെന്ന് മോദിയും അമിത് ഷായും പറഞ്ഞിരുന്നു. കാവി ഭീകരത എന്ന ആശയം ദിഗ് വിജയ് സിംഗിന്റേതായിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തിനെതിരെ തന്നെ പ്രഗ്യയെ നിര്‍ത്തിയതെന്നും അമിത്ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ് വിജയ സിങ്ങിന്റെ പ്രതികരണം.