| Monday, 12th December 2022, 10:53 pm

ക്ഷേത്രങ്ങളില്‍ ഭജന സംഘടിപ്പിക്കുന്നതിന് എം.പി ഫണ്ട് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ക്ഷേത്രങ്ങളില്‍ ഭജന സംഘടിപ്പിക്കുന്നതിന് എം.പി ഫണ്ട് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബല്ലിയ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ വീരേന്ദ്ര സിങ് മസ്താണ് വിവാദ തീരുമാനമെടുത്തത്. നാല് തവണ ലോക്സഭാ എം.പിയായ ആളാണ് മസ്ത്.

ക്ഷേത്രങ്ങളുടെ സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും ബല്ലിയ നഗര്‍ പാലിക എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യപ്രകാശ് സിങ് പറഞ്ഞു.

മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലുള്ള എല്ലാ ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ സര്‍വേ നടത്തി ‘ഭജന-കീര്‍ത്തനം'(ഭക്തിഗാനങ്ങള്‍) സംഘടിപ്പിക്കാനും, അതിനായി സംഗീതോപകരണങ്ങള്‍ വാങ്ങാന്‍ വേണ്ടത് ചെയ്യണമെന്നും അതിനായി എം.പി ഫണ്ട് ഉപയോഗിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് വീരേന്ദ്ര സിങ് മസ്ത് ഇക്കാര്യം നിര്‍ദേശിച്ചത്.

എം.പിയുടെ തിരുമാനത്തിന് പിന്നാലെ അഭിനന്ദനവുമായി ബില്ലിയയിലെ ഭൃഗു ക്ഷേത്രത്തിന്റെ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ശിവകുമാര്‍ മിശ്ര രംഗത്തെത്തി.

അതേസമയം, പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടായി ഉണ്ടാകുക. ഈ തുക വിനിയോഗിക്കേണ്ട വികസന പദ്ധതികള്‍ എം.പിമാരെയാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശിക്കുന്നത്.

റോഡുകള്‍, സ്‌കൂളുകള്‍, ക്ലിനിക്കുകള്‍ എന്നിവയുടെ നിര്‍മാണം പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാധാരണ എം.പിമാരുടെ ഫണ്ട് ഉപയോഗിക്കാറുള്ളത്.


Content Highlight: BJP M.P Instructions to use MP funds for organizing bhajans in temples

We use cookies to give you the best possible experience. Learn more