| Sunday, 3rd January 2021, 9:01 pm

ബംഗാളിലും മഹാരാഷ്ട്രയിലും പ്രയോഗിച്ച തന്ത്രം പഞ്ചാബിലും പയറ്റാനൊരുങ്ങുകയാണ് ബി.ജെ.പി; അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: സംസ്ഥാന ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മില്‍ തര്‍ക്കം വഷളാകാന്‍ കാരണം ബി.ജെ.പി ഗൂഢാലോചനയാണെന്ന പ്രസ്താവനയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ബി.ജെ.പിയുടെ അധികാരമോഹമാണ് സംസ്ഥാന ഗവര്‍ണര്‍-മുഖ്യമന്ത്രി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യസ്ഥാപനങ്ങളെ ചവിട്ടിമെതിക്കുകയാണ് ബി.ജെ.പി സര്‍ക്കാരെന്നും ഇന്ത്യന്‍ ഭരണഘടനയുടെ എ ബി സി ഡി പോലുമറിയാത്തവരാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പഞ്ചാബിന്റെ മുഖ്യമന്ത്രി മാത്രമല്ല ആഭ്യന്തരമന്ത്രി കൂടിയാണ് ഞാന്‍. സംസ്ഥാനത്ത ക്രമസമാധാനനില സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കാണെന്ന് ഈ ബി.ജെ.പി നേതാക്കള്‍ക്ക് അറിയില്ലേ. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല’, സിംഗ് പറഞ്ഞു.

സംസ്ഥാന ഗവര്‍ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയെന്ന് അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാകുമെന്നും സിംഗ് പറഞ്ഞു. ബംഗാളിലും മഹാരാഷ്ട്രയിലും അത്തരം സംഭവങ്ങള്‍ ഉണ്ടായെന്നും ഇനി അവര്‍ ലക്ഷ്യം വെയ്ക്കുന്നത് പഞ്ചാബാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപകമായി റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.

മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്.

എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ തന്നെയാണ് വിളിക്കേണ്ടതെന്നും അല്ലാതെ തന്റെ ഉദ്യോഗസ്ഥരെയല്ല എന്നും അമരീന്ദര്‍ പ്രതികരിച്ചിരുന്നു. ഭരണഘടനാ കാര്യാലയത്തെ ബി.ജെ.പി. അനിഷ്ടകരമായ അജണ്ടയിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ കുപ്രചാരണത്തിന് ഗവര്‍ണര്‍ വഴങ്ങിയിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള ബി.ജെ.പി പ്രചാരണം കാര്‍ഷിക നിയമത്തില്‍ നിന്നും കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും പഞ്ചാബ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

‘നമ്മുടെ കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായ ഒരു ഘട്ടത്തില്‍, ബി.ജെ.പി നേതാക്കള്‍ വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും ഗവര്‍ണറുടെ ഭരണഘടനാ കാര്യാലയത്തെ അതിലേക്ക് വലിച്ചിടുകയും ചെയ്യുന്ന തിരക്കിലാണ്’, അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amarinder Singh Slams Bjp For Lowering Prestige Of Governor’s Office

We use cookies to give you the best possible experience. Learn more