കാസര്‍ഗോഡ്: ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന കാസര്‍ഗോഡ് രണ്ട് മാസത്തിനിടെ പാര്‍ട്ടിക്ക് നഷ്ടമായത് മൂന്ന് ഗ്രാമപഞ്ചായത്ത് ഭരണം. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐ.എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ബി.ജെ.പിക്ക് നഷ്ടമായി.
കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന് ശേഷമാണ് എന്‍മകജെയിലും സമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. അതിന്റെ ക്ഷീണം മാറും മുമ്പാണ് ബി.ജെ.പിക്ക് തദ്ദേശ ഭരണത്തില്‍ ജില്ലയില്‍ വീണ്ടും തിരിച്ചടിയായത്. ഇതോടെ ബി.ജെ.പിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലുണ്ടായിരുന്ന അധികാരം മധൂര്‍, ബെള്ളൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളിലായി മാത്രം ചുരുങ്ങി. രാജ്യവ്യാപകമായി ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസ് ഇടതുകക്ഷികള്‍ സഖ്യസാധ്യതകള്‍ തേടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൊന്നായ കാസര്‍ഗോഡ് ബി.ജെ.പിക്ക് പ്രഹരമേറ്റിരിക്കുന്നത്.
Read Also : കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ബി.ജെ.പിയും
സി.പി.ഐ.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമതര്‍ പിന്തുണച്ചതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബി.ജെ.പിക്ക് സ്ഥാനം നഷ്ടമായത്.
16 അംഗ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 7 അംഗങ്ങളുടെ പിന്തുണയാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 6ഉം ബി.ജെ.പിക്ക് മൂന്നും അംഗങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സി.പി.ഐ.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ അവിശ്വാസം പാസായി.
കാറഡുക്കയില്‍ സംഭവിച്ചത്
കാസര്‍ഗോഡ് ബി.ജെ.പിക്ക് ആദ്യം സ്ഥാനം നഷ്ടമായത് കാറഡുക്ക പഞ്ചായത്തിലാണ്. പതിനെട്ട് വര്‍ഷമായി അധികാരത്തിലിരുന്ന ബി.ജെ.പിയെ സി.പി.ഐ.എം-യു.ഡി.എഫ് കൂട്ടുകെട്ടാണ് താഴെയിറക്കിയത്. പതിനഞ്ചംഗ ഭരണസമിതിയില്‍ ബി.ജെ.പിയ്ക്ക് ഏഴംഗങ്ങളുണ്ടായിരുന്നു. അഞ്ചംഗങ്ങളുള്ള സി.പി.ഐ.എമ്മിനൊപ്പം മറ്റു യു.ഡി.എഫ് കക്ഷികള്‍ ചേരുകയായിരുന്നു.
പഞ്ചായത്തിലെ വികസന മുരടിപ്പ് ഉന്നയിച്ച് സി.പി.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഏഴിനെതിരെ എട്ടുവോട്ടുകള്‍ക്കാണ് പാസ്സായത്. സി.പി.ഐഎമ്മിന്റെ അഞ്ച് അംഗങ്ങള്‍ക്കൊപ്പം യു.ഡി.എഫിന്റെ മൂന്നംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. സി.പി.ഐ.എം-4 സി.പി.ഐ.എം സ്വതന്ത്ര-1, യു.ഡി.എഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്രന്‍-1 എന്നിങ്ങനെയാണ് അനുകൂലിച്ചവരുടെ കണക്കുകള്‍.
ജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പഞ്ചായത്തില്‍ രൂപപ്പെട്ടിരിക്കുന്നതെന്നായിരുന്നു ബി.ജെ.പി ഇതിനോട് പ്രതികരിച്ചിരുന്നത്.
ജി.സ്വപ്‌ന, ഗോപാലകൃഷ്ണ എന്നിവരായിരുന്നു ബി.ജെ.പി ഭരണത്തിന് കീഴിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍.
സി.പി.ഐ.എം- യു.ഡി.എഫ് സഖ്യത്തിന് കീഴില്‍ ആറാം വാര്‍ഡ് മല്ലാവരയില്‍ നിന്ന് വിജയിച്ച എ അനുസൂയയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പതിനഞ്ചാം വാര്‍ഡ് ബേര്‍ലയില്‍ നിന്നും കോണ്‍ഗ്രസ് സ്വതന്ത്രനായി വിജയിച്ച ബി കെ വിനോദന്‍ നമ്പ്യാരാണ് വൈസ് പ്രസിഡന്റായത്.
എന്‍മകജെയിലും ബി.ജെ.പിയ്ക്ക് കാലിടറി
കാറഡുക്കയിലെ വിജയം ചുവടുപിടിച്ചാണ് എന്‍മകജെയിലും പ്രതിപക്ഷം ബി.ജെ.പി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇവിടെ യു.ഡി.എഫാണ് പ്രമേയം സമര്‍പ്പിച്ചിരുന്നത്.
എന്‍മകജെയില്‍ ഏഴു വീതം അംഗങ്ങളാണ് ബി.ജെ.പിയ്ക്കും യു.ഡി.എഫിനും ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് മൂന്നും. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി പഞ്ചായത്തില്‍ ഭരണത്തിലേറിയിരുന്നത്.
ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയിലെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍. ഭട്ടും വൈസ് പ്രസിഡന്റ് കെ.പുട്ടപ്പയും പുറത്താവുകയായിരുന്നു.
2016ല്‍ തന്നെ ഇവിടെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും സി.പി.ഐ.എം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. കാറഡുക്കയില്‍ യു.ഡി.ഫ് സി.പി.ഐ.എം പ്രമേയത്തെ അനുകൂലിച്ചത് കൊണ്ട് എന്‍മകജെയില്‍ യു.ഡി.എഫിന് പിന്തുണ കിട്ടുകയായിരുന്നു.