| Tuesday, 18th December 2018, 2:43 pm

കണക്കുകള്‍ പറയുന്നു; മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 70 ശതമാനത്തിലധികം വരുന്ന നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് നേരിടേണ്ടി വന്നത് കനത്ത തോല്‍വി. ഇന്ത്യാ സ്‌പെന്‍ഡ് നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ബി.ജെ.പിയുടെ കനത്ത തോല്‍വി വ്യക്തമാകുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മോദി നേരിട്ട് പ്രചരണം നടത്തിയ 80 മണ്ഡലങ്ങളില്‍ വെറും 23 ഇടത്ത് മാത്രമാണ് ബി.ജെ.പിയ്ക്ക് വിജയം നേടാനായത്. 57 ഇടങ്ങളിലും പാര്‍ട്ടി തോല്‍വി രുചിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലുമായി മോദി കാമ്പയിന്‍ നടത്തിയ 70 ശതമാനത്തിലധികം പ്രദേശങ്ങളില്‍ വെറും 22 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാനായത്.


കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ ഞങ്ങളനുവദിക്കില്ല; രാഹുല്‍ ഗാന്ധി


ഛത്തീസ്ഗഢിലും തെലങ്കാനയിലും മിസോറാമിലുമായി വെറും 26 മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഇവിടെ എട്ട് റാലികളെയാണ് മോദി അംഭിസംബോധന ചെയ്തത്.

മോദിക്കൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ പല പ്രധാന മണ്ഡലങ്ങളിലും പാര്‍ട്ടി തോല്‍വിയറിഞ്ഞു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്ന ഇടങ്ങളാണ് പാര്‍ട്ടിക്ക് നഷ്ടമായത്.

ഹിന്ദി ഹൃദയഭൂമിയെന്ന് പറയപ്പെടുന്ന മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും യോഗി ആദിത്യനാഥായിരുന്നു ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനറായി പ്രചരണത്തിന് ഇറങ്ങിയത്.

നാല് സംസ്ഥാനങ്ങൡലുമായി 58 റാലികളിലായിരുന്നു യോഗി ആദിത്യനാഥ് സംഘടിപ്പിച്ചത്. ഇവിടെ 27 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം ലഭിച്ചത്. 42 ഇടങ്ങളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രചരണം നടത്തിയ മണ്ഡലങ്ങളിലെ വിജയം താരതമ്യം ചെയ്യുമ്പോള്‍ മോദിയേക്കാല്‍ അല്‍പ്പം മുന്നിട്ടുനില്‍ക്കുന്നത് യോഗിയാണ്. 39.13 ആണ് യോഗിയുടെ വിജയം. മോദിയുടേത് 28.75 ഉം.

മധ്യപ്രദേശിലും രാജസ്ഥാനിലുമായി 27 പൊതു റാലികളാണ് യോഗി ആദിത്യനാഥ് നടത്തിയത്. ഇവിടെ 37 മണ്ഡലങ്ങളില്‍ 21 ഇടത്താണ് ബി.ജെ.പി വിജയിച്ചത്.

ചത്തീസ്ഗഡില്‍ 23 സീറ്റുകളില്‍ അഞ്ചിടത്ത് മാത്രമാണ് ബി.ജെ.പിയ്ക്ക് വിജയിക്കാനായത്. ഇവിടെ 23 പൊതുയോഗങ്ങളിലായിരുന്നു യോഗി ആദിത്യനാഥ് പങ്കെടുത്തത്.

We use cookies to give you the best possible experience. Learn more