ന്യൂദല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനെത്തിയ ഭൂരിഭാഗം സീറ്റുകളിലും ബി.ജെ.പി ഏറ്റുവാങ്ങിയത് ദയനീയ പരാജയം. മാര്‍ച്ച് മുതല്‍ മെയ് വരെ ബി.ജെ.പിയുടെ സ്റ്റാര്‍ കാമ്പയ്‌നര്‍ കൂടെയായ മോദി പങ്കെടുത്തത് 20ലധികം പൊതുയോഗങ്ങളിലാണ്.
പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 സീറ്റുകളായിരുന്നു 2019ല്‍ ബി.ജെ.പി നേടിയത്. എന്നാല്‍ ഇതില്‍ ആറ് സീറ്റുകളിലും ഇത്തവണ ബി.ജെ.പി പരാജയപ്പെട്ടു.
മോദി പൊതുയോഗങ്ങള്‍ നടത്തിയ ബംഗാളിലെ മണ്ഡലങ്ങളില്‍ ജല്‍പായ്ഗുരി, പുരുലിയ, ബിഷ്ണുപൂര്‍, കാന്തി എന്നിവയുള്‍പ്പെടെ നാല് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ഇത്തവണ വിജയിച്ചത്. ബാക്കി എല്ലാ സീറ്റുകളിലും ബി.ജെ.പി സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്.
മഹാരാഷ്ട്രയിലെ ഫലങ്ങളും വ്യത്യസ്തമല്ല. 2019ലെ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്.
മഹാരാഷ്ട്രയില്‍ ആകെ 18 സ്ഥലങ്ങളിലാണ് മോദി റാലികള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടത്തിയത്. എന്നാല്‍ ഇതില്‍ 15 മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു.
മുംബൈയില്‍ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ മോദി പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഇവയില്‍ നാലിടത്തും ബി.ജെ.പി പരാജയപ്പെട്ടു. മുംബൈ നോര്‍ത്തില്‍ നിന്ന് പിയൂഷ് ഗോയലും നോര്‍ത്ത്-വെസ്റ്റ് സീറ്റില്‍ നിന്ന് രവീന്ദ്ര വെയ്ക്കറിനും മാത്രമാണ് വിജയിക്കാനായത്.
മുംബൈ നോര്‍ത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തിയെങ്കിലും ശിവസേന സ്ഥാനാര്‍ത്ഥി സഞ്ജയ് ദിന പാട്ടീല്‍ 29,861 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി.
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്രധാനമന്ത്രിയെ തന്നെ ഇറക്കി ബി.ജെ.പി പ്രചരണം ശക്തമാക്കിയത്. മോദിയെ ഇറക്കിയിട്ടും ദയനീയ പരാജയമേറ്റുവാങ്ങേണ്ടി വന്നത് ബി.ജെ.പി കനത്ത പ്രഹരമായിരുന്നു.
Content Highlight: BJP lost majority seat where Modi campaigned