| Friday, 23rd October 2020, 8:16 am

കളി കൈവിട്ടുപോയ നിരാശയാണ് ബി.ജെ.പിക്ക്; മോദിയുടെ പ്രസംഗവും, സൗജന്യ വാക്‌സിന്‍ ഉറപ്പും തെളിവെന്ന് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.
ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറങ്ങിക്കിയ പ്രകടന പത്രിക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബി.ജെ.പിയുടെ തീവ്രനൈരാശ്യം കാണുമ്പോള്‍ തന്നെ കാര്യങ്ങള്‍ അവരുടെ കൈവിട്ട് പോയെന്ന് മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മോദി 6 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പിന്നാലെ നിര്‍മല സീതാരാമന്‍ ബീഹാറിലേക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്നു,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ബീഹാറില്‍ തേജസ്വി യാദവിന്റെ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയെ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” തേജസ്വി തീര്‍ക്കുന്ന ജനക്കൂട്ടം ബി.ജെ.പിയെ വളരെയധികം അലട്ടുന്നുണ്ടെന്ന് വ്യക്തം. ഈ നിരാശ കാണുമ്പോള്‍ അവര്‍ക്ക് കളി നഷ്ടപ്പെട്ടെന്ന് മനസ്സിലാകും” അദ്ദേഹം.

കാര്യങ്ങള്‍ ബി.ജെ.പിയുടെ കൈവിട്ട് പോകുന്നതിന്റെ നിരാശയിലാണ്
ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ബീഹാറില്‍ ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയ്ക്ക് പിന്നാലെയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നത്.

കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്‍.ജെ.ഡിയുടെ പ്രതികരണം.

രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്‌സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.

അതേസമയം, കൊവിഡ് -19 വാക്‌സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമാണ് ശിവസേന ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP  losing the game; Prashant Bushan mocks BJP and Modi

We use cookies to give you the best possible experience. Learn more