ന്യൂദല്‍ഹി: ഇന്ത്യയില്‍ ബി.ജെ.പിയുടെ ജനപ്രീതി നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്ന് ചൈന സ്റ്റേറ്റ് മീഡിയ. ബി.ജെ.പി സര്‍ക്കാരിന് ഇന്ത്യയില്‍ ജനപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് ന്യൂസ് അനാലിസിസ് എന്ന പേരില്‍ പുറത്തുവിട്ട പഠനത്തില്‍ ചൈനയുടെ ഔദ്യോഗിക സിന്‍ഹ്വാ ന്യൂസ് ഏജന്‍സി പറയുന്നത്. ഞായറാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിലാണ് സ്റ്റേറ്റ് മീഡിയ ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ട് നിരോധനവും ജി.എസ്.ടിയും ആള്‍ക്കൂട്ട കൊലപാതകങ്ങളും ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ നിന്നും ബി.ജെ.പി സര്‍ക്കാര്‍ അകലാന്‍ ഇതെല്ലാം കാരണമായെന്നുമാണ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടികളും ഇതിന് ഉദാഹരണമാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പറയുന്നു.
രാജ്യത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ വിയോജിപ്പുണ്ടെന്നതിന്റെ സൂചനയാണ് പാര്‍ലമെന്ററി ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍. ബി.ജെ.പിയുടെ പ്രതിച്ഛായ മാത്രമല്ല മോദി പ്രഭാവത്തിനും വലിയ രീതിയിലുള്ള മങ്ങലേറ്റിട്ടുണ്ടെന്നാണ് പഠനം വിലയിരുത്തിയത്.
അടുത്തിടെ നടന്ന നിയമസഭകളിലെ ബി.ജെ.പി.യുടെ മോശം പ്രകടനത്തിന് സുപ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ഇന്ത്യയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അക്രമം തന്നെയാണ്. ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും മറ്റും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിയുടെ സ്വാധീനം കുറച്ചിട്ടുണ്ടെന്നും ചൈന സ്റ്റേറ്റ് മീഡിയ പറയുന്നു.