രാഷ്ട്രീയത്തിലേക്കില്ല എന്ന രജനീകാന്തിന്റെ തീരുമാനം കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നത് തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാമെന്ന ബി.ജെ.പിയുടെ ‘ ‘മോഹങ്ങള്‍ക്കാണ്.
ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനംകുറിച്ച് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഏറ്റവും കൂടുതല്‍ ഏറ്റെടുത്തത് ഒരുപക്ഷേ ബി.ജെ.പി തന്നെയാവും.
രജനീകാന്തിന്റെ പ്രവേശനത്തെ ഇരുകൈയ്യും നീട്ടിയാണ് അന്ന് ബി.ജെ.പി സ്വാഗതം ചെയ്തത്. ഡി.എം.കെ നേതാവ് എം കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ നേതാവായ ജയലളിതയുടെ മരണം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ രജനിക്ക് സാധിക്കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
രജനീകാന്തുമായി സഖ്യത്തിന് പാര്‍ട്ടി തയ്യാറാണെന്നും ആശയങ്ങള്‍ ഒരുമിച്ചുപോകുന്നതാണെന്നും പറഞ്ഞ ബി.ജെ.പി രജനീകാന്ത് തങ്ങളെ പിന്തുണയ്ക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും പ്രതീക്ഷ പങ്കുവെച്ചിരുന്നു. പിന്നീടങ്ങോട്ട് രജനിയെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു.
രജനി തന്റെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് നിയമച്ചിത് ബി.ജെ.പി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തിയെയയാിരുന്നു. രജനി ബി.ജെ.പിയുമായി അടുക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.
രജനി രാഷ്ട്രീയത്തിലേക്ക് കടക്കും എന്ന നേര്‍ത്ത സൂചന ലഭിക്കുമ്പോഴൊക്കെയും രജനിയെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന തീരുമാനം ഉറപ്പിച്ച് പറയുന്നതിന് ഒരുമാസം മുന്‍പ്
ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് നടത്തിയ കൂടിക്കാഴ്ച വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചു.
രജനീകാന്തിന് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും ബി.ജെ.പിയിലേക്കെത്തുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ഗുരുമൂര്‍ത്തി നേരത്തെ പറയുകയും ചെയ്തിരുന്നു. അപ്പോഴും രാഷ്ട്രീയത്തിലേക്കില്ലെന്ന് തന്നെയാണ് രജനി പറഞ്ഞത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രജനീകാന്തിനെ സന്ദര്‍ശിച്ചിരുന്നെങ്കിലും ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് രജനീകാന്ത് ആവര്‍ത്തിക്കുകയായിരുന്നു.
എന്നാല്‍ പിന്നീടായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ജനുവരിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന രജനിയുടെ അറിയിപ്പ്.
ബി.ജെ.പിയില്‍ രജനീകാന്ത് ചേരില്ലെന്ന് ഉറപ്പായതോടെയായിരുന്നു സഖ്യ സാധ്യത തേടിയത്. രജനീകാന്തുമായുള്ള സഖ്യം തമിഴ്‌നാട്ടില്‍ കാലുകുത്താനുള്ള അവസരമാകുമെന്നായിരുന്നു ബി.ജെ.പി കരുതിവെച്ചത്. ഈ കണക്കുകൂട്ടലാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന രജനിയുടെ പ്രഖ്യാപനത്തോടെ തകര്‍ന്നത്.
ഇതുമാത്രമല്ല, കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്.
ആജ്ഞാപിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യത്തിന് തങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് എ.ഐ.എ.ഡി.എം.കെ വ്യക്തമാക്കിയത്.
വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ ഉയര്‍ത്തിക്കാട്ടാനാണ് എ.ഐ.എ.ഡി.എം.കെ ലക്ഷ്യമിടുന്നത്. എന്നാല്‍ ബി.ജെ.പി ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്.
പളനിസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരണം നടത്താന്‍ ബി.ജെ.പിയുടെ പ്രകാശ് ജാവദേക്കര്‍ വിസമ്മതിച്ചത് എ.ഐ.എ.ഡി.എം.കെയ്ക്കുള്ളില്‍ അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തങ്ങളെ രണ്ടാംകിടക്കാരാക്കാനാണെങ്കില്‍ അത്തരമൊരു പാര്‍ട്ടിയുമായി സഖ്യത്തിന് താല്പര്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് സഖ്യത്തിന് തങ്ങളുടെ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കൂടിയായ എ.ഐ.എ.ഡി.എം.കെ എം.പി കെ.പി മുനുസ്വാമി പറഞ്ഞിരുന്നു.
എ.ഐ.എ.ഡി.എം.കെയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനം വന്നതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന രജനിയുടെ തീരുമാനവും വരുന്നത്. ഇതോടെയാണ് തമിഴ്‌നാട്ടില്‍ ഇടം കണ്ടെത്താമെന്ന ‘മോഹങ്ങള്‍’ക്ക് പ്രഹരമേല്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP Losing Hope in Tamil Nadu, Current Status and Position Of Of BJP After Rajinikanth decision