വാരണാസി: ഉത്തര്‍പ്രദേശിലെ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പിക്കേറ്റ പരാജയം ദേശീയ നേതൃത്വത്തിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പിക്ക് ഇവിടെ നിന്നുള്ള രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടത്. രണ്ട് സീറ്റിലും സമാജ് വാദി പാര്‍ട്ടി വിജയിച്ചു. വാരണാസി ഡിവിഷനില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അശുതോഷ് സിന്‍ഹയും ലാല്‍ ബിഹാരി യാദവുമാണ് വിജയിച്ചത്.
ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സിലെ 11 സീറ്റുകളിലേക്ക് വോട്ടിംഗ് നടന്നത്. രാജ്യത്ത് ദ്വിസഭ നിയമസഭയുള്ള ആറ് സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. വിധാന്‍ സഭയും(നിയമസഭാ കൗണ്‍സില്‍) വിധാന്‍ പരിഷത്തുമാണ് ഈ രണ്ട് സഭകള്‍. നിയമസഭാ കൗണ്‍സിലില്‍ 100 സീറ്റുകളാണുള്ളത്. നിയമസഭാ കൗണ്‍സിലിലെ അംഗങ്ങളുടെ കാലാവധി മെയ് 6ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
വലിയ വിജയമാണ് നേടിയിരിക്കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതികരണം.’ഇത് വമ്പന്‍ വിജയമാണ്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്.’ ലാല്‍ ബിഹാരി യാദവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാരണാസിയില്‍ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു മോദി ജയിച്ചിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ 36 ശതമാനവും 45 ശതമാനവും വോട്ട് നേടിയാണ് യഥാക്രമം 2014, 2016 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചിരുന്നത്. മോദിക്ക് മുന്‍പ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയായിരുന്നു ഈ സീറ്റില്‍ ജയിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലും പ്രതീക്ഷ വിജയം നേടാന്‍ ബി.ജെ.പിക്കായിരുന്നില്ല. അമിത് ഷായും നരേന്ദ്ര മോദിയുമടക്കം പ്രമുഖ നേതാക്കളെല്ലാം പ്രചാരണത്തിനെത്തിയിട്ടും വിജയം നേടാനാകാതായത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക