| Monday, 30th December 2019, 11:58 am

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ പരാജയം; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്തു നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ച് ബി.ജെ.പിക്ക് ഗോത്രവിഭാഗ മേഖലകളില്‍ സ്വാധീനം നഷ്ടപ്പെടുന്നതായി പറയുന്നത്.

ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നേടിയതിനേക്കാള്‍ വളരെ കുറവ് വിജയമാണ് അടുത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേടാനായിട്ടുള്ളത്.

DoolNews Video

കഴിഞ്ഞ ദിവസം വന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സംവരണമുള്ള 28 സീറ്റുകളില്‍ രണ്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2014ല്‍ ഇത് 11 സീറ്റുകളായിരുന്നു.

2018 നവംബറില്‍ തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ സീറ്റുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഛത്തീസ്ഗഢില്‍ 29 സംവരണ സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. മധ്യപ്രദേശില്‍ 47 സീറ്റുകളില്‍ 16 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഛത്തീസ്ഗഢില്‍ 13ഉം മധ്യപ്രദേശില്‍ 31ഉം സീറ്റുകളായിരുന്നു അതിന് മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ നേടിയത് എന്നത് കൂടി കൂട്ടിവായിക്കുമ്പോഴാണ് ബി.ജെ.പിയുടെ പരാജയത്തിന്റെ ആഴം മനസ്സിലാകുക.

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യമാണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയത് കോണ്‍ഗ്രസാണ്്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിയായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ ഭൂവകാശവുമായി ബന്ധപ്പെട്ട സന്താള്‍ പാര്‍ഗണ കുടികിടപ്പവകാശ നിയമം, ഛോട്ടാനാഗ്പൂര്‍ കുടികിടപ്പവകാശം നിയമം എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ രഘുബര്‍ ദാസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഗോത്രവിഭാഗങ്ങളുടെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക ഉപയോഗിക്കാനായി സര്‍ക്കാരിന് കൈവശപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള ഭേദഗതികളാണ് സര്‍ക്കാര്‍ കൈക്കൊള്ളാന്‍ ശ്രമിച്ചത്. ഇതിനെതിരെ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടന്നിരുന്നു.

ജാര്‍ഖണ്ഡിലെ പുതിയ സര്‍ക്കാര്‍ കുടികിടപ്പവകാശ നിയമങ്ങളില്‍ യാതൊരു ഭേദഗതിയും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോത്രവിഭാഗങ്ങള്‍ക്ക് വലിയ ഭൂരിപക്ഷമുള്ള ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സ്വാധീനം കുറഞ്ഞു വരുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more