ജയ്പൂര്‍: രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ പരാജയം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി 5,100 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ജയ്പൂര്‍ നഗര്‍ പാലിക 76 ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയ്ക്ക് കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇക്രാമുദ്ദീനു 7,531 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അശോക് കുമാര്‍ അഗര്‍വാളിനു 2340 വോട്ടു മാത്രമാണ് ലഭിച്ചത്.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനോടുള്ള ജനങ്ങളോടുള്ള സമീപനമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് അറോറ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച് തുടങ്ങിയെന്നതിന്റെ തെളിവാണ് ബി.ജെ.പിയുടെ ഈ പരാജയമെന്നും അദ്ദേഹം പറയുന്നു.
പണപ്പരുപ്പം, അഴിമതി, തൊഴിലില്ലായ്മ എന്നിവകൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളുടെ വിധിയെഴുത്താണിതെന്നും അറോറ കൂട്ടിച്ചേര്‍ത്തു. നേരത്തെ രാജസ്ഥാനില്‍ സര്‍ക്കാരിനെതിരെ നടന്ന കര്‍ഷക സമരങ്ങളും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരവും വിജയമായിരുന്നു.