അക്ഷയ് കുമാറും, നാന പടേക്കറും ബി.ജെ.പി സ്ഥാനാര്‍ഥികളാവുമെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം കൂടുതല്‍ സീറ്റ്
national news
അക്ഷയ് കുമാറും, നാന പടേക്കറും ബി.ജെ.പി സ്ഥാനാര്‍ഥികളാവുമെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം കൂടുതല്‍ സീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 3:30 pm

ന്യൂദല്‍ഹി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാന്‍ ഒരുങ്ങി ബി.ജെ.പി.

ബോളിവുഡ് അഭിനേതാക്കളേയും യുവവ്യവസായികളേയും പത്മ പുരസ്‌കാര ജേതാക്കളെയും കായിക താരങ്ങളെയും സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

2014ല്‍ നേടിയതിനേക്കാളും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പിക്ക് ഇതുവരെ സാന്നിധ്യമുറപ്പിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളിലാകും പ്രമുഖരെ സ്ഥാനാര്‍ഥികളാക്കുക.


Read:  ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’: കേന്ദ്ര ആശയത്തെ പിന്തുണച്ച് രജനികാന്ത്


120 ലോക്‌സഭാ സീറ്റുകളിലാണ് ഇതുവരെ ബി.ജെ.പിക്കു വിജയിക്കാന്‍ സാധിക്കാത്തത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താമെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 282 സീറ്റുനേടിയ ബി.ജെ.പിക്ക് ഇന്ത്യയുടെ മധ്യ, ഉത്തര, പശ്ചിമ മേഖലകളില്‍നിന്നു മാത്രം 232 സീറ്റുകള്‍ ലഭിച്ചിരുന്നു.

നടന്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നിവര്‍ പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് മല്‍സരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പേരുകളാണിവയെന്നും കൂടുതല്‍ പേരെ ഇത്തരത്തില്‍ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Read:  ഫ്രാങ്കോ മുളക്കല്‍ എന്ന് പറഞ്ഞാല്‍ ഭിന്ദ്രന്‍വാല എന്നാണോ കേരള പോലീസ് കേള്‍ക്കുന്നത്?


ഗായകരായ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, നടന്മാരായ പ്രകാശ് റാവല്‍, കിരണ്‍ ഖേര്‍, ഒളിംപിക് ഷൂട്ടിങ് മെഡലിസ്റ്റ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുന്‍സൈനിക മേധാവി വി.കെ.സിങ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്, മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ സത്യപാല്‍ സിങ്, ഉദ്ധിത് രാജ് എന്നിവരാണു കഴിഞ്ഞ വര്‍ഷം മല്‍സരിച്ചു വിജയിച്ച പ്രമുഖര്‍.

ഇവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് ബിജെപി നേതാവ് പറഞ്ഞു.