| Thursday, 12th November 2020, 9:15 am

ബീഹാറിന് ശേഷം ബംഗാള്‍ ലക്ഷ്യമിട്ട് ബി.ജെ.പി; ജനങ്ങള്‍ക്കിടയില്‍ തൃണമൂല്‍ വിരുദ്ധ വികാരമെന്ന് കൈലാഷ് വിജയവര്‍ഗിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വിജയത്തിന് ശേഷം ഇനി ഉറ്റുനോക്കുന്നത് ബംഗാളിനെയെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. 2021 ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 സീറ്റില്‍ 200 സീറ്റുകളും നേടാനാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയവര്‍ഗിയ പറഞ്ഞു.

‘പാര്‍ട്ടിക്ക് ജെ.ഡി.യുവിനേക്കാള്‍ മികച്ച വിജയമാണ് ബീഹാറില്‍ ഉണ്ടാക്കാന്‍ സാധിച്ചത്. ഇനി ബംഗാളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒരു വിജയം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം ഉയര്‍ത്തും, ബീഹാറിലെ വിജയവും ഉപതെരഞ്ഞെടുപ്പിലെ വിജയവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മികച്ച ഊര്‍ജമാണ് നല്‍കുന്നത്. പശ്ചിമ ബംഗാളിനാണ് ഇനി ഞങ്ങളുടെ പ്രഥമ പരിഗണന,’ വര്‍ഗിയ പറഞ്ഞു.

ബംഗാള്‍ ഇപ്പോള്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും തൃണമൂലിനെതിരെ വലിയ ജനവികാരമാണ് ഉയരുന്നതെന്നും വര്‍ഗിയ പറഞ്ഞു.

ബംഗാളില്‍ 42 ലോക് സഭാ സീറ്റുകളില്‍ 18 സീറ്റുകളാണ് കഴിഞ്ഞ തവണ ബി.ജെ.പി നേടിയത്. ഏത് വിധേനയും മമത ബാനര്‍ജിയെ താഴെയിറക്കാനുള്ള ശ്രമമാണ് ബി.ജെ.പി ബംഗാളില്‍ നടത്താന്‍ പോകുന്നതെന്നാണ് വിവിധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയുണ്ടാക്കിയ നേട്ടത്തെ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ബംഗാള്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടാന്‍ പോകുന്നത്.

243 സീറ്റുകളുള്ള ബീഹാര്‍ മന്ത്രി സഭയില്‍ 125 സീറ്റുകളിലായിരുന്നു എന്‍.ഡി.എ വിജയം. ബി.ജെ.പിക്ക് 74 സീറ്റുകളും ലഭിച്ചു. 43 സീറ്റുകളിലാണ് ജെ.ഡി.യുവിന് വിജയിക്കാനായത്.

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. 75 സീറ്റുകളിലാണ് ആര്‍.ജെ.ഡി ജയിച്ചത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. 16 സീറ്റില്‍ ഇടതുപക്ഷവും ജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP looking into Bengal after Bihar says Kailash Vijayavargiya

We use cookies to give you the best possible experience. Learn more