| Wednesday, 25th April 2018, 2:39 pm

മമതാ ബാനര്‍ജി ശൂര്‍പ്പണഖ; മൂക്കരിയാനും കൊല്ലാനുമായി ഭൂമിയില്‍ അവതരിച്ച ലക്ഷ്മണനാണ് മോദിയും അമിത് ഷായും ; ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വിടുവായത്തം പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് വില കല്‍പ്പിക്കാതെ ബി.ജെ.പി എം.എല്‍.എ.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണഖ ആണെന്നായിരുന്നു ഉത്തര്‍പ്രദേശ് എം.എല്‍.എയായ സുരേന്ദ്ര സിങ്ങിന്റെ പ്രസ്താവന.

“”മമത ശൂര്‍പ്പണഖയാണ്. ശൂര്‍പ്പണഖയെ കൊല്ലാനുള്ള ലക്ഷ്മണന്‍ ഈ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും. മോദിയും അമിത്ഷായും ചേര്‍ന്ന് ഈ ശൂര്‍പ്പണഖയുടെ മൂക്കരിയും”” സുരേന്ദ്രസിങ് പറയുന്നു.


Dont miss പ്രതികാരത്തിന്റെ പേരില്‍ ക്രൂരത; ഹോട്ടലിന് വെളിയിലേക്കിറങ്ങിയ നാലുവയസുകാരനെ കാല് വെച്ച് തള്ളിയിട്ട് യുവതി; വീഡിയോ


എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മമതാ ബാനര്‍ജി ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നും തെരുവില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ വെറുതെ ഇരിക്കുകയാണെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ഹിന്ദുക്കള്‍ ബംഗാളില്‍ സുരക്ഷിതരല്ലെന്നും ഇദ്ദേഹം പറയുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ പശ്ചിമ ബംഗാള്‍ വൈകാതെ തന്നെ ജമ്മുകാശ്മീരിന് സമാനമാകും. മോദി രാജ്യം ഭരിക്കുമ്പോള്‍ ദേശവിരുദ്ധരും തീവ്രവാദികളും ഇന്ത്യയ്ക്ക് പുറത്തായിരിക്കുമെന്നും സുരേന്ദ്ര സിങ് പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദ പ്രസ്താവനകളിറക്കുന്നത് ഒഴിവാക്കണമെന്ന് നമോആപ്പിലൂടെ നടത്തിയ കോണ്‍ഫറന്‍സില്‍ ബി.ജെ.പി എം.പിമാരോടും എം.എല്‍.എമാരോടും മോദി ആവശ്യപ്പെട്ടിരുന്നു.

“”നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്.. ഈ വിവരംകെട്ട പ്രസ്താവനകളാണ് മാധ്യമങ്ങള്‍ വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത്. ഇത് മാധ്യമങ്ങളുടെ കുറ്റമല്ലെന്നും “”മോദി പറഞ്ഞിരുന്നു.

കഠ്വ സംഭവവും പുരാണകാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവനയും പരിണാമ സിദ്ധാന്തം തെറ്റാണെന്നുള്ള കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിന്റെ പരാമര്‍ശങ്ങളുടെയെല്ലാം സാഹചര്യത്തിലാണ് സ്വന്തം അണികള്‍ക്കെതിരായ മോദിയുടെ വിമര്‍ശനം.

ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്ന കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാറിന്റെ പ്രസ്താവനയും ഇന്ന് വിവാദത്തിന് വഴി വെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more