| Sunday, 23rd February 2020, 10:27 am

'കപട ഹിന്ദു സ്‌നേഹം നടത്തി രാഷ്ട്രീയ നാടകം കളിക്കുന്ന പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ല'; ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിളിമാനൂര്‍: പൊലീസുമായും ഭക്തരുമായും ഉണ്ടാക്കിയ ധാരണ ലംഘിച്ച് ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് കൊടി കെട്ടിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു. തോട്ടക്കാട് ബിജുവാണ് പാര്‍ട്ടി വിട്ടത്. ബി.ജെ.പി കിളിമാനൂര്‍ കരവാരം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മണ്ഡലം മുന്‍ പ്രസിഡണ്ടും കൂടിയായിരുന്നു ബിജു.

കരവാരം തോട്ടക്കാട് പന്തുവിള തൃക്കോവില്‍ ശിവക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പാര്‍ട്ടി വിടാന്‍ കാരണമായത്. നേരത്തെ ഉത്സത്തിന് ഇവിടെ ആര്‍.എസ്.എസ് കൊടികള്‍ കെട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അത് വേണ്ടന്ന ധാരണയിലായിരുന്നു ഭക്തര്‍. എന്നാല്‍ ധാരണ തെറ്റിച്ച് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടി കെട്ടുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശിവപാര്‍വ്വതി മുദ്രയുള്ള വെള്ള കൊടികള്‍ ക്ഷേത്രത്തില്‍ കെട്ടി. ഇതിന് പിന്നാലെ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളുടേയും കൊടികള്‍ ക്ഷേത്രകമ്മിറ്റി നീക്കം ചെയ്തു.

മതസൗഹൃദം തകര്‍ക്കാനുള്ള ഇത്തരം പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ബിജു ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആരാധാനാലയങ്ങളില്‍ കപടഹിന്ദു സ്‌നേഹം നടത്തി രാഷ്ട്രീയ നാടകം നടത്തി നാട്ടില്‍ വര്‍ഗിയ സംഘര്‍ഷം ഉണ്ടാക്കുന്ന ഐഡിയോളജിയോട് ഒരു തരത്തിലും യോജിച്ച് പോകാന്‍ കഴിയില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more