ഹരിയാനയില്‍ ബി.ജെ.പിക്ക് ലീഡ്; വിനേഷ് ഫോഗട്ട് പിന്നില്‍
ചണ്ഡിഗണ്ഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. പോളിങ് ആരംഭിച്ചപ്പോള്‍ മുന്നില്‍ നിന്ന കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 90ല്‍ 47 സീറ്റുകളുമായി ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് നിലവില്‍ 36 സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ രൂപികരീക്കാന്‍ 46 സീറ്റുകളാണ് ആവശ്യം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ചെറുകക്ഷികളും ഏഴോളം സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്.
സംസ്ഥാനത്ത് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്ന ഫലങ്ങളാണ് നിലവിലേത്. വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് കോണ്‍ഗ്രസ് മുന്നിട്ട് നിന്നതിനെത്തുടര്‍ന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീടത് നിര്‍ത്തിവെക്കുകയായിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ താരസ്ഥാനാര്‍ത്ഥിയായ വിനേഷ് ഫോഗട്ട് പുറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹരിയാനയിലെ ജൂലാന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് വിനേഷ്. മുന്‍ ആര്‍മി ക്യാപ്റ്റനും വാണിജ്യ പൈലറ്റുമായ യോഗേഷ് ബൈരാഗിയാണ് വിനേഷ് ഫോഗട്ടിന്റെ മുഖ്യ എതിരാളി.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചാരണം നടത്തിയ ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് 55 ഓളം സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.
എന്നാല്‍ മോദി ഗ്യാരന്റിയില്‍ അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. കര്‍ഷകസമരം, ഗുസ്തിതാരങ്ങളുടെ സമരം, വിമതനീക്കം എന്നിവയെല്ലാം ബി.ജെ.പിക്ക് തിരിച്ചടി ആവുമെന്നായിരുന്നു കണക്കുകൂട്ടല്‍.
അതേസമയം കോണ്‍ഗ്രസ്-എ.എ.പി സഖ്യം ഉണ്ടായിരുന്നെങ്കില്‍ ഭരണം പിടിക്കാമായിരുന്നെന്ന് എ.എ.പി പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എ.എ.പിക്ക് ഇതുവരെ ഒരു സീറ്റിലും ലീഡ് നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
Content Highlight: BJP leads in Haryana; Vinesh Phogat behindVIDEO