|

പുതുപ്പള്ളിയില്‍ അനുവദിച്ച 53 ലക്ഷത്തില്‍ ചെലവാക്കിയത് 25 ലക്ഷം; കെ. സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി നേതൃയോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതൃയോഗം. തൃശൂരില്‍ നടന്ന ബി.ജെ.പി നേതൃയോഗത്തിലാണ് സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്. പ്രചാരണത്തില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും ഏകോപനത്തിന് നേതൃത്വമുണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ചയായിരുന്നു പ്രധാന അജണ്ടയെങ്കിലും വോട്ട് കുറഞ്ഞതിനെ സംബന്ധിച്ചുള്ള വിശദീകരണമൊന്നും തന്നെ യോഗത്തില്‍ നല്‍കിയിരുന്നില്ല.

നേരത്തെ കൂടെയുണ്ടായിരുന്നവര്‍ പോലും പാര്‍ട്ടിയെ കയ്യൊഴിഞ്ഞത് നേതൃത്വത്തിന്റെ പരാജയമാണെന്നായിരുന്നു കൃഷ്ണദാസ്-രമേശ് പക്ഷം ആരോപിച്ചത്. തെരഞ്ഞെടുപ്പിന് അനുവദിച്ച പണത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ചെലവാക്കിയതെന്നും ഇവര്‍ പറഞ്ഞു.

53 ലക്ഷം രൂപയാണ് പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനായി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 25 ലക്ഷത്തില്‍ താഴെ മാത്രമാണ് ചെലവാക്കിയത്. ഇത് പ്രചരണ രംഗത്ത് പ്രകടമായിരുന്നു. ഉറപ്പുള്ള വോട്ടുകള്‍ പോലും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രവര്‍ത്തനം. ഈ നിലയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ദയനീയ പ്രകടനമായിരിക്കും നടത്തുകയെന്നും കൃഷ്ണദാസ്-രമേശ് പക്ഷം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ പിടിച്ചുനില്‍ക്കാനുള്ള സുരേന്ദ്രന്റെ ശ്രമങ്ങല്‍ പച്ചതൊട്ടില്ല. ദേശീയ നേതൃത്വത്തില്‍ നിന്നുള്ള ആരും തന്നെ പങ്കെടുക്കാത്തതിനാല്‍ ചട്ടപ്പടി വിമര്‍ശനത്തില്‍ യോഗം അവസാനിച്ചു.

അതേസമയം, യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മന്ത്രിസഭാ പുനസംഘടനയെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്നത് പോലെയാണ് മന്ത്രിസഭാ പുനസംഘടനയെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.

സംസ്ഥാനത്ത് പൂര്‍ണമായ ഭരണ സ്തംഭനമാണുള്ളതെന്നും കേന്ദ്ര സഹായമില്ലെങ്കില്‍ സംസ്ഥാനത്തെ ദൈനംദിന ചെലവുകള്‍ പോലും നടക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസഹായത്തെ പ്രതിപക്ഷ നേതാവ് പ്രശംസിച്ചതിനെയും സുരേന്ദ്രന്‍ ഉയര്‍ത്തിക്കാട്ടി.

മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, മുന്‍ സംസ്ഥാന അധ്യക്ഷരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlight: BJP leadership meeting criticized  K. Surendran