കോഴിക്കോട്: പൊലീസുകാരനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാക്കള്‍.
കോഴിക്കോട് നടക്കാവ് സി.ഐക്കെതിരെയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി ടി. റിനീഷും ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനനും കൊലവിളി പ്രസംഗം നടത്തിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം. വിഷയത്തില്‍ ഇരു നേതാക്കള്‍ക്കുമെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. വധ ഭീഷണി നടത്തിയതിനാണ് കേസ്.
പൊലീസ് യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ നിന്റെ ശവം മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലൂടെ ഒഴുകി നടന്നേനെ എന്നാണ് നടക്കാവ് സി.ഐ. ജിജീഷിനെതിരെ റിനീഷ് പ്രസംഗിച്ചത്. പൊലീസിന്റെ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ യുവമോര്‍ച്ചക്ക് ഒരു മടിയുമില്ലെന്നും റിനീഷ് പറഞ്ഞു.
‘പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്ന പണിയാണ് പൊലീസ് എടുക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച്ച പ്രവര്‍ത്തകനെ നടക്കാവ് സി.ഐ അതിക്രൂരമായാണ് മര്‍ദിച്ചത്.
എല്ലാകാലവും ഈ കാക്കിയുണ്ടാകില്ല. ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല,’ റിനീഷ് പറഞ്ഞു.
സി.ഐ ജിജീഷിന്റെ കൈ വെട്ടിമാറ്റും എന്നായിരുന്നു മോഹനന്റെ ഭീഷണി. യുവ മോര്‍ച്ച പ്രവര്‍ത്തകനെ സി.ഐ. മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു ഇരു നേതാക്കളുടേയും പ്രസംഗം.
Content Highlight: BJP leaders with killing speech against the policeman in Kozhikode