കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ബി.ജെ.പി എം.പിമാര്‍ രാഷ്ട്രപതിയെ കാണുമെന്നും ശ്രീധരന്‍പിള്ള
Kerala News
കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ബി.ജെ.പി എം.പിമാര്‍ രാഷ്ട്രപതിയെ കാണുമെന്നും ശ്രീധരന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2019, 11:07 am

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്നത് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ബി.ജെ.പി എം.പിമാരുടെ സംഘം ഇന്ന് രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ രാഷ്ട്രപതിയെ ധരിപ്പിക്കും. ഇന്ന് 11:45 നാണ് കൂടിക്കാഴ്ച.

നേരത്തെ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്തെ സി.പി.ഐ.എം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പിയുടെ രാജ്യസഭ എം.പി രാകേഷ് സിന്‍ഹയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

ALSO READ: കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എ 100 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ദിഗ്‌വിജയ് സിംഗ്

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷമഴിച്ചുവിട്ടിരുന്നു. ജനുവരി രണ്ടിന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു.

ഇതിന് പിന്നാലെ ജനുവരി മൂന്നിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമം ഉടലെടുത്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെയാണ് അക്രമം നടത്തിയത്.

പൊലീസിനേയും മാധ്യമങ്ങളേയും ഹര്‍ത്താലിന്റെ മറവില്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളില്‍ സംഘപരിവാര്‍ അക്രമങ്ങളെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം മുന്നോട്ടുവന്നത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ ഈ വസ്തുതകളെ മറച്ചുവെച്ചാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിക്കുന്നത്.

WATCH THIS VIDEO: