ഇടുക്കി: സി.പി.ഐ.എം നേതാവും ദേവികുളം മുന്‍ എം.എ.എല്‍.എയുമായിരുന്ന എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. മൂന്നാറിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം.
ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീള ദേവി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് നേതാക്കള്‍ വീട്ടിലെത്തിയതെന്നുമാണ് ബി.ജെ.പി നേതൃത്വം നല്‍കിയ വിശദീകരണം.
തെരഞ്ഞെടുപ്പ് ദിവസം ചില ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും എസ്. രാജേന്ദ്രനെ അനുകൂലിക്കുന്ന ചിലര്‍ക്കും മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടന്നതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ഇതുവരെ പ്രതികരിച്ചിട്ടില്ല.
എസ്. രാജേന്ദ്രന്റെ ബി.ജെ.പി പ്രവേശനം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. മാര്‍ച്ചില്‍ അദ്ദേഹം ദല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
കൂടിക്കാഴ്ചക്ക് പിന്നാലെ സംഭവം വിവാദമായതോടെ താനൊരിക്കലും പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞ് എസ്. രാദേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു എന്നാണ് എസ്. രാജേന്ദ്രന്‍ പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കകത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതൊക്കെ നേതാക്കള്‍ ഇടപെട്ട് പരിഹരിക്കും. പാര്‍ട്ടിക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ എസ്. രാജേന്ദ്രന്‍ സി.പി.ഐ.എം അംഗത്വം പുതുക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്ന് തുടങ്ങിയത്.
Content Highlight: BJP leaders visited CPIM leader S. Rajendran