കോഴിക്കോട്:കേരളത്തിനെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനകളും രാഷ്ട്രീയ മുതലെടുപ്പുകളുമായി സംഘപരിവാര്‍ നേതാക്കള്‍ എത്തുന്നെന്ന് ആരോപണം. ബി.ജെ.പിയുടെ സംസ്ഥാന മീഡിയ കോഡിനേറ്ററും കുമ്മനം രാജശേഖരന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായ സന്ദീപ് ആര്‍, മഹിളാ മോര്‍ച്ച മുന്‍ നേതാവും ആര്‍.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി പ്രവര്‍ത്തകയുമായ ലസിതാ പാലക്കല്‍ എന്നിവരാണ് വിവാദ പ്രസ്താവനകളും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രസ്താവനകള്‍ ജാഗ്രതെ തലതിരിഞ്ഞ “പനി” “നിപ” എന്നായിരുന്നു ലസിതയുടെ പോസ്റ്റ് ഇതില്‍ തലതിരിഞ്ഞവന്‍ ഭരിക്കുമ്പോള്‍ തല തിരിഞ്ഞ പനി എന്നും ലസിത വിശേഷിപ്പിക്കുന്നുണ്ട്. “കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ചു. ബംഗ്‌ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം വൈറസ് ബാധക്ക് കാരണമാണോ എന്ന് അന്വേഷിക്കണം.” എന്നായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന മീഡിയ കോഡിനേറ്ററും മൂന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സന്ദീപിന്റെ പോസ്റ്റ്.
വംശീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്താനാണ് ഇത്തരം പോസ്റ്റുകളെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. സന്ദീപിന്റെ രാഷ്ട്രീയം മുമ്പേ തന്നെ അറിയാമെങ്കിലും ഈ പ്രസ്താവന തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് മാധ്യമപ്രവര്‍ത്തകനും സന്ദീപിന്റെ സഹപാഠിയുമായിരുന്ന നിഷാദ് റാവുത്തര്‍ പറയുന്നത്.
ഒരുവര്‍ഷം ഒരുമിച്ച് ജേര്‍ണലിസം ക്ലാസില്‍ ഇരുന്നിട്ടുണ്ട്. വിളിച്ചാല്‍ ഇപ്പോഴും മനസിലാകുന്ന പരിചയം ഒക്കെ ബാക്കിയുണ്ടാകണം.സന്ദീപിന്റെ രാഷ്ട്രീയം അറിയാത്തതല്ല,(ബിജെപിയുടെ സംസ്ഥാനതല മീഡിയ കോ ഓര്‍ഡിനേറ്ററാണ്. കുമ്മനത്തിന്റെ സെക്രട്ടറിയാണ്)
പക്ഷെ ഇന്നയാള്‍ നടുക്കിക്കളഞ്ഞു നിഷാദ് പറയുന്നു.
ഈ മൂന്നാം ലോകരാജ്യത്തെ പട്ടിണിപ്പരിഷകളായ, തെണ്ടിക്കൂട്ടങ്ങളായ നമ്മള്‍ ഏതൊക്കെ നാട്ടില്‍ എങ്ങനെയൊക്കെ വലിഞ്ഞു കേറീട്ടാണ് ഒരു ജീവിതം ഉണ്ടാക്കിയത് എന്ന് ഓര്‍മ വേണമെന്നും തമ്മില്‍ തല്ലിക്കാനാണെങ്കിലും ഇങ്ങനെ പറയരുതെന്നും നിഷാദ് പറയുന്നുണ്ട്.
എന്നാല്‍ താന്‍ പറഞ്ഞതില്‍ നിന്ന് മാറുന്നില്ലെന്നും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും സന്ദീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ബംഗ്ലാദേശിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയതെന്നും അപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വന്നയാളുകള്‍ രോഗ വാഹകരായോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും സന്ദീപ് പറഞ്ഞു. താന്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യത്തിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നും ഇത് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. രോഗം എവിടെ നിന്നാണ് വന്നതെന്ന് ആരോഗ്യ വകുപ്പോ ആഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെയെന്നും സന്ദീപ് പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ആണെല്ലോ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തതെന്നും മറ്റ് ഇടങ്ങളിലും ഈ അസുഖം ഇല്ലലോ എന്ന ചോദ്യത്തിന് അതാണ് പറഞ്ഞത് അതിന്റെ കാരണം സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും ഇങ്ങനെ ഒരു സംശയം ഉണ്ട്, ഇനി ഇങ്ങനെ ഒരു സംശയം പറയാന്‍ പാടില്ലെന്നുമുണ്ടോ എന്നും സന്ദീപ് ചോദിച്ചു.
സന്ദീപിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി ഇത്തരം പ്രസ്താവനകള്‍ നിപാ വൈറസിനേപോലെ തന്നെ അപകടരമാണ് ജനങ്ങള്‍ ഒറ്റകെട്ടായി നിന്ന് ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കെണ്ട സമയത്ത് പോലും മനുഷ്യനെ വേര്‍തിരിക്കുന്ന ഇത്തരക്കാര്‍ നമ്മുടെ നാടിന് ബാധ്യതയാണെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അതേസമയം നിപ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തിലൂടെയെന്ന് നിഗമനം. വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയിട്ടിരിക്കുകയാണെന്നും എട്ടുപേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.
ജനത്തിനുണ്ടായ ആശങ്കയും ഭയവും പരിഹരിക്കാന്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്( 04952376063). ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പടെ പനി ക്ലിനിക്ക് ആരംഭിക്കാന്‍ ഉന്നത ജില്ല കലക്ടറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ളിടത്ത് ഐസോലേഷന്‍ വാര്‍ഡുകളും തുറക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായവും തേടിയിട്ടുണ്ട്. അടിയന്തിര തീരുമാനങ്ങളെടുക്കാന്‍ കലക്ടര്‍, ഡി.എം.ഓ വി. ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.