| Friday, 5th October 2018, 1:47 pm

ശബരിമല: മന്ത്രിമാരെ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ബി.ജെ.പി നേതാക്കള്‍

ജിന്‍സി ടി എം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യമായി ആക്രമണ ഭീഷണി മുഴക്കി ബി.ജെ.പി നേതാക്കള്‍. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടും വിധിയ്‌ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്ന സര്‍ക്കാര്‍ നിലപാടും ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി സര്‍ക്കാറിനെതിരെ ആക്രമണ ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.

“എടോ മുഖ്യമന്ത്രീ, ഞങ്ങളുടെ കാലില്‍ ചെരുപ്പുണ്ട്” എന്നു പറഞ്ഞാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തിയത്. റിവ്യൂ ഹരജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ നാമജപസദസ്സിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട വിധിയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കവേയായിരുന്നു ശോഭാ സുരന്ദ്രന്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയത്.

Also Read:ഹൈന്ദവ സമൂഹം കറവപ്പശുക്കളാകാന്‍ നിന്നുകൊടുക്കരുത്; ശബരിമലയില്‍ സര്‍ക്കാരിന്റെ കണ്ണ് വരുമാനത്തിലെന്നും ശശികല

“എടോ മുഖ്യമന്ത്രീ, ഞങ്ങളുടെ കാലില്‍ ചെരുപ്പുണ്ട്. ഞങ്ങള്‍ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും. ഏതോ ഒരുത്തിക്ക് ശബരിമലയില്‍ പോകണമെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്ന് വേണം” എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയെ ഭ്രാന്തനെന്ന് വിളിച്ച് അവഹേളിക്കുകയും ചെയ്തിരുന്നു അവര്‍. “പിണറായി വിജയന്റെ രോഗമെന്തെന്ന് കേരളത്തിലെ എല്ലാ വിശ്വാസികള്‍ക്കും മനസിലായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഭ്രാന്തുണ്ടെങ്കില്‍ സി.പി.ഐ.എം നേതാക്കള്‍ അതു മനസിലാക്കി ചികിത്സിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ചെരിപ്പ് കൊണ്ട് അടി വാങ്ങും.” എന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും മന്ത്രിമാരെയും സര്‍ക്കാറിനെയും ആക്രമിക്കുമെന്ന ഭീഷണിയുമായി രംഗത്തവന്നിട്ടുണ്ട്. മന്ത്രിമാരെ ഒരുമിച്ചു കിട്ടിയാല്‍ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണെന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി.

“പ്രളയ സംഭാവന പിരിക്കാന്‍ “മണ്ടന്മാരെല്ലാം ലണ്ടനിലേക്ക് പോവുകയാണ്” എന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ഒരുമിച്ചാണ് തിരിച്ചുവരുന്നതെങ്കില്‍ മന്ത്രിമാരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണ്.” എന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി.

ആലപ്പുഴയില്‍ പൊതുവേദിയില്‍ പ്രസംഗിക്കവേയായിരുന്നു അദ്ദേഹം ഭീഷണി മുഴക്കിയത്. “പമ്പ മുഴുവന്‍ വെള്ളത്തിന് അടിയിലായി. ധനമന്ത്രി തോമസ് ഐസക് ശബരിമലയ്ക്ക് എതിരാണ്. പമ്പയിലേക്ക് വേണ്ടി പത്ത് പൈസ ഇയാള്‍ ചെലവാക്കുന്നില്ല. പമ്പ പുനരുദ്ധരിക്കുന്നതിന് വേണ്ടി നടപടിയില്ല. കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു തിരുപ്പതി മോഡലില്‍ ഒരു ദിവസം ഒരു ലക്ഷം ആളുകള്‍ ശബരിമലയില്‍ പോയാല്‍ മതിയെന്നാണ്. ഇയാളാരാണ് അത് തീരുമാനിക്കാന്‍.” എന്നായിരുന്നു രാധാകൃഷ്ണന്‍ മന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പറഞ്ഞത്.

“ഇപ്പോള്‍ ഒരു ലക്ഷം പേര്‍ പോയാല്‍ മതിയെന്ന് പറയുന്ന ഇവനൊക്കെ നാളെ പറയും ബര്‍മുഡ ഇട്ട് പോയാല്‍ മതിയെന്ന്. ശബരിമലയില്‍ തേങ്ങയ്ക്ക് പകരം കോഴിമുട്ട ഉടച്ചാല്‍ മതിയെന്ന് നാളെ ഒരു തീരുമാനമെടുത്താല്‍ എന്ത് ചെയ്യും. ഇതൊക്കെ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അവകാശം കൊടുത്തത്.” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീകള്‍ ശബരിമലയ്ക്കു പോകുന്നത് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന് ഇഷ്ടമല്ലെന്നു പറഞ്ഞ് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടിയെന്ന നിലയില്‍ “പെണ്ണുങ്ങള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ല ” എന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പരോക്ഷമായി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു രാധാകൃഷ്ണന്‍.

“കഴിഞ്ഞ ദിവസം ജി. സുധാകരന്‍ പറഞ്ഞത് പെണ്ണുങ്ങള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്യാണം കഴിക്കാനല്ല എന്നാണ്. ഇയാളെയൊന്നും കൈകാര്യം ചെയ്യാന്‍ നല്ല ആണുങ്ങള്‍ ഈ പ്രദേശത്ത് ഇല്ലേ എന്നാണ് ആലോചിച്ച് പോകുന്നത്. വേറെ എന്തെങ്കിലും പറയുന്നത് എന്റെ സംസ്‌ക്കാരത്തിന് യോജിക്കാത്തത് കൊണ്ട് അവിടെ വെച്ച് നിര്‍ത്തുകയാണ്.”

പ്രസംഗത്തിനിടെ അദ്ദേഹം ധനമന്ത്രി തോമസ് ഐസക്കിനെ പോക്കറ്റടിക്കാരനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. “പെന്‍ഷന്‍ വാങ്ങുന്ന പാവങ്ങളുടെ പോക്കറ്റ് അടിക്കുന്ന പോക്കറ്റടിക്കാരനാണ് തോമസ് ഐസക്. പോക്കറ്റടിക്കാര്‍ക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് തോമസ് ഐസകിന് കിട്ടും. ഐസകിന്റെ അച്ഛന്‍ വല്ല മുച്ചീട്ട് കളിക്കാരനും ആയിരിക്കും. അതാണ് ആളുകളുടെ പോക്കറ്റില്‍ കയ്യിട്ട് വാരുന്നത്. എന്നായിരുന്നു പരാമര്‍ശം.

നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മറ്റും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പൊതുമധ്യത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഭീഷണിപ്പെടുത്തിയ ഈ നേതാക്കള്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more