ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ പ്രസംഗിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി.
സഭയില്‍ താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുലിന്റെ മുന്‍ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്.
2016 നവംബര്‍ 8ന് നോട്ട് നിരോധിച്ച് കൊണ്ടുള്ള മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഴിമതി നടത്തിയതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ രംഗത്തെത്തിയത്.
ആ തെളിവ് പുറത്തുവിട്ടാല്‍ സഭയില്‍ ഭൂകമ്പമുണ്ടാകുമെന്നും അതുകൊണ്ടാണ് പ്രതിപക്ഷം തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ ഭൂകമ്പ പരാമര്‍ശത്തെയായിരുന്നു ബി.ജെ.പി പരിഹസിച്ചത്.
38 മിനുട്ട് നേരം രാഹുല്‍ സംസാരിക്കുന്നതോടെ ഇവിടെ ഭൂകമ്പം ഉണ്ടാകുമോയെന്നാണ് തങ്ങള്‍ നോക്കുന്നത് എന്നായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പരിഹാസം. ഭൂകമ്പം ആസ്വദിക്കാന്‍ എല്ലാവരും തയ്യാറായിക്കോളൂവെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.
ഭൂകമ്പ പ്രസംഗത്തിന് മുന്നോടിയായി തന്നെ രാഹുല്‍ പാര്‍ലമെന്റ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു എന്ന് കേട്ടല്ലോ എന്നായിരുന്നു ബി.ജെ.പി നേതാവ് തേജീന്ദര്‍ പാല്‍ സിങ് ബഗ്ഗ ട്വിറ്ററിലൂടെ പരിഹസിച്ചത്. ഇതിന് പിന്നാലെ ഭൂകമ്പ്ആനേവാലാ ഹെ എന്ന പേരില്‍ ബി.ജെ.പി ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചു.
രാഹുല്‍ ലോക്‌സഭയില്‍ പ്രസംഗിക്കുമ്പോള്‍ ഭൂകമ്പം വരുന്നതായി മോണിറ്ററില്‍ കാണുന്ന ശാസ്ത്രജ്ഞന്റെ ചിത്രം ഷെയര്‍ ചെയ്തായിരുന്നു തേജീന്ദര്‍പാലിന്റെ പരിഹാസം.
പടക്കത്തിന് തീകൊളുത്തുന്ന രാഹുല്‍ അത് പൊട്ടാതിരിക്കുന്നത് കണ്ട് അമ്പരന്ന് നില്‍ക്കുന്നതും സമീപത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മോദിയേയും ചിലര്‍ കാര്‍ട്ടൂണ്‍ ആക്കിയിട്ടുണ്ട്.
“ഇന്നത്തെ ചോദ്യം: ഓരോ 15 മിനുട്ടിലും ഭൂകമ്പം ഉണ്ടായാല്‍ 38 മിനുട്ടിനുള്ളില്‍ എത്ര ഭൂകമ്പം ഉണ്ടാകും”” എന്നായിരുന്നു രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള ബി.ജെ.പി ഐ.ടി സെല്‍ ഇന്‍ ചാര്‍ജ് അമിത് മാളവ്യയുടെ ട്വീറ്റ്.