നാണമില്ലാത്ത അരാജകവാദി, ഹിന്ദു വിരോധി; അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി
national news
നാണമില്ലാത്ത അരാജകവാദി, ഹിന്ദു വിരോധി; അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 10:25 pm

ന്യൂദല്‍ഹി: ദി കശ്മീര്‍ ഫയല്‍സിനെതിരെ സഭയില്‍ സംസാരിച്ചതിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.

കശ്മീര്‍ ഫയല്‍സിനെ കളിയാക്കിയതോടെ ജമ്മു കശ്മീരില്‍ തീവ്രവാദത്തിന്റെ ഇരകളായ സാധാരണക്കാരെ കെജ്‌രിവാള്‍ അപമാനിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവരെ കളിയാക്കിയതിലൂടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നാണംകെട്ട അരാജകവാദികളാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

ദല്‍ഹി അസംബ്ലിയില്‍ വെച്ച് ചിരിക്കുന്ന കെജ്‌രിവാളിന്റെയും മറ്റ് എ.എ.പി എം.എല്‍.എമാരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ഒരിക്കലും മറക്കരുത്. ഇവര്‍ കശ്മീര്‍ തീവ്രവാദികള്‍ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ചിരിച്ചവരാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ, മാനംഭംഗപ്പെടുത്തപ്പെട്ട സ്ത്രീകളെ, കൊല്ലപ്പെട്ട സൈനികരെ എല്ലാം നോക്കിയാണ് ഇവര്‍ ചിരിക്കുന്നത്, നാണംകെട്ട അരാജകവാദികള്‍,’ സന്തോഷ് ട്വീറ്റ് ചെയ്തു.

‘ഹിന്ദു വിരോധത്തിന്റെ മുഖം ഇങ്ങനെയായിരിക്കും,’ എന്നായിരുന്നു കെജ്‌രിവാളിനെതിരെ ബി.ജെ.പി വക്താവ് ഷെഹസാദ് പൂനെവാലെ ട്വീറ്റ് ചെയ്തത്.

വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ, കശ്മീരി ഹിന്ദുക്കളുടെ ദയനീയത വരച്ചുകാട്ടുന്ന ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം എല്ലാവര്‍ക്കും കാണുന്നതിനായി ദല്‍ഹിയില്‍ നികുതി രഹിതമാക്കണമെന്നും, സൗജന്യമായി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യണമെന്നുമുള്ള ബി.ജെ.പി എം.എല്‍.എമാരുടെ പ്രസംഗത്തിനെതിരെ കെജ്‌രിവാള്‍ രംഗത്തു വന്നിരുന്നു. ഇതാണ് ബി.ജെ.പി നേതാക്കളെ ഒന്നാകെ ചൊടിപ്പിച്ചത്.

നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സിനിമയെ വര്‍ഗീയ വത്കരണത്തിന്റെ ഭാഗമായി ഉപയോഗിക്കുകയാണെന്നും, രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നുമായിരുന്നു സഭയിലെ മറുപടി പ്രസംഗത്തില്‍ കെജ്‌രിവാള്‍ പറഞ്ഞത്.

കശ്മീര്‍ ഫയല്‍സിനെ പിന്തുണയ്ക്കുന്ന ബി.ജെ.പി നേതാക്കളെ പരിഹസിക്കുകയും ചെയ്ത കെജ്‌രിവാള്‍, ചിത്രത്തില്‍ മുസ്‌ലിം വിഭാഗത്തെ മനഃപൂര്‍വം മോശമാക്കി കാണിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിച്ചതായും കുറ്റപ്പെടുത്തി.

Content Highlight: BJP leaders slam Kejriwal for attack on party for support to ‘The Kashmir Files’