പട്‌ന: ബിഹാര്‍ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നതായി സൂചന. ഏറ്റവുമൊടുവില്‍ ബി.ജെ.പി-ജെ.ഡി.യു ബന്ധത്തിലെ ഭിന്നതകള്‍ തുറന്നുകാട്ടിയത് ദസറ ആഘോഷമാണ്. മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ മുഖ്യാതിഥിയായ ദസറ ആഘോഷത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളാരും പങ്കെടുക്കാത്തത് ഇതോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
പട്‌നയിലെ പ്രശസ്തമായ ഗാന്ധി മൈതാനത്തു നടന്ന പരിപാടിയില്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും പങ്കെടുത്തിരുന്നില്ല. സുശീല്‍ പരിപാടിയിലേക്കു ക്ഷണിക്കപ്പെട്ട വ്യക്തി കൂടിയാണ്. അദ്ദേഹത്തിനു പുറമേ എം.എല്‍.എയും മന്ത്രിമാരും മറ്റു നേതാക്കളും പരിപാടിക്കെത്തിയില്ല.
ഇതിനെ ചോദ്യം ചെയ്ത് ജെ.ഡി.യു നേതാവ് അജയ് അലോക് പരസ്യമായി രംഗത്തെത്തി. ‘എന്താണ് ബിഹാര്‍ ബി.ജെ.പിക്കു സംഭവിച്ചത്. ‘രാവണ വധ’ത്തിന് ഗാന്ധി മൈതാനത്ത് ആരുമെത്തിയില്ലല്ലോ? നിങ്ങള്‍ക്കു രാവണനെ കൊല്ലണ്ടേ?’- അദ്ദേഹം ട്വീറ്റ് ചെയ്തു.
നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പട്‌ന ജില്ലാ മജിസ്‌ട്രേറ്റ്, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.
പട്‌നയിലെ പ്രളയവുമായി ബന്ധപ്പെട്ട് ബി.ജെ.പി-ജെ.ഡി.യു നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസം വാക്‌പോര് നടന്നിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ബി.ജെ.പി എം.പി ഗിരിരാജ് സിങ് ആരോപിച്ചിരുന്നു. നിതീഷ് ഇതിനുത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനെതിരെ ജെ.ഡി.യു രംഗത്തെത്തിയിരുന്നു. ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയില്‍ ബി.ജെ.പി ഔദ്യോഗികമായി വിശദീകരണം നല്‍കണമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായ പവന്‍ വര്‍മ ആവശ്യപ്പെട്ടു.