തോല്‍ക്കുമെന്ന് ഉറപ്പ്; വയനാട്ടില്‍ താത്പര്യം പ്രകടിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍
Kerala News
തോല്‍ക്കുമെന്ന് ഉറപ്പ്; വയനാട്ടില്‍ താത്പര്യം പ്രകടിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2024, 8:40 am

കൊച്ചി: വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വയനാട് മത്സരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്ക് ബി.ജെ.പി കോര്‍ കമ്മിറ്റി തുടക്കമിട്ടതോടെയാണ് വയനാട് മത്സരിക്കാനുള്ള വിമുഖത നേതാക്കള്‍ പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരുവട്ടം കൂടി  വയനാട്ടില്‍ മത്സരിച്ച് നിലവിലെ ഗ്രാഫ് താഴേക്ക് പോകാന്‍ ബി.ജെ.പി നേതാക്കള്‍ താത്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം രാഹുലിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ച സ്ഥിതിക്ക് ഇത്തവണ മത്സരം ഒന്നും കൂടി കടുക്കും എന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ ആലപ്പുഴ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ശോഭ സുരേന്ദ്രനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ഗ്രൂപ്പ് താത്പര്യപ്പെടുന്നുണ്ടെങ്കിലും ശോഭയ്ക്ക് ഈ നീക്കത്തോട് താത്പര്യമില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.

ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പാലക്കാട് നിയമസഭയോടാണ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക് താത്പര്യം. ബി.ജെ.പിയിലെ ഒരു വിഭാഗം ആള്‍ക്കാര്‍ക്കും ശോഭയെ പാലക്കാട് നിര്‍ത്തിയാല്‍ കൊള്ളാമെന്നുണ്ടെങ്കിലും സുരേന്ദ്രന്‍ വിഭാഗം ഈ നീക്കത്തിന് തടയിടാനാണ് സൂചന. പ്രിയങ്കയ്ക്ക് ഒരു വനിത എതിരാളി എന്ന ടാഗോടെ ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ സുരേന്ദ്രന്‍ പക്ഷം ലക്ഷ്യമിടുന്നുണ്ട്.

അതേസമയം കെ.സുരേന്ദ്രനെ തന്നെ വയനാട്ടില്‍ വീണ്ടും നിര്‍ത്താന്‍ ആവശ്യം ഉയര്‍ന്നെങ്കിലും സുരേന്ദ്രന്‍ താത്പര്യക്കുറവ് അറിയിച്ചിരുന്നു. ഒരുപക്ഷെ രാഹുലിനോട് ഏറ്റുമുട്ടിയപ്പോള്‍ കിട്ടിയതിനേക്കാള്‍ വോട്ടുകള്‍ വീണ്ടും കുറഞ്ഞാല്‍ അത് സംസ്ഥാന അധ്യക്ഷന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും എന്നാണ് സുരേന്ദ്രന്റെ കണക്കുകൂട്ടല്‍.

അതേസമയം സുരേന്ദ്രനും പാലക്കാട് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ ലോക്‌സഭ തെരഞ്ഞടുപ്പിലെ കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എം.ടി രമേശ്, അബ്ദുള്ളക്കുട്ടി എന്നിവരുടേയും പേരുകള്‍ വയനാട്ടിലേക്ക് ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഒരു ദേശീയ നേതാവിനെ പരിഗണിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്.

പാലക്കാടേക്ക് സി.കൃഷ്ണകുമാറിനെയും ബി.ജെ.പി പരിഗണിക്കുന്നുണ്ട്. ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍, ടി.എന്‍.സരസു എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി.എന്‍.സരസു ആലത്തൂരില്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഇതാണ് സരസുവിനെ വീണ്ടും പരിഗണിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരള നിയമസഭയില്‍ ബി.ജെ.പിയുടെ ശബ്ദം ഉയരുമെന്ന് ശോഭാ സുരേന്ദ്രന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനാല്‍ അതീവ ജാഗ്രതയിലാണ് ബി.ജെ.പി നേതൃത്വം.

എന്നാല്‍ കെ മുരളീധരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്‍ എന്നിവരാണ് പാലക്കാടേക്ക് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. മുന്‍ പാലക്കാട് എം.എല്‍.എയായ ഷാഫി പറമ്പിലിന് രാഹുലിനെ മത്സരിപ്പിക്കാനാണ് താത്പര്യം എന്ന വാര്‍ത്തകളുണ്ടായിരുന്നു. വി. വസീഫാണ് എല്‍.ഡി.എഫിന്റെ പരിഗണനയിലുള്ളത്.

Content Highlight: BJP leaders shows disinterest to compete in Wayanad Loksabha election