| Thursday, 3rd March 2022, 3:00 pm

ചായക്കടക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ സാധിക്കുമെങ്കില്‍ ബി.ജെ.പിക്ക് എന്തും സാധിക്കും: എന്‍.ഡി.എ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ വിജയപ്രതീക്ഷയുമായി ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ.

ഇത്തവണ ബി.ജെ.പി തന്നെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും, 300ല്‍ അധികം സീറ്റ് സ്വന്തമാക്കുമെന്നും ബി.ജെ.പിയുടെ സഖ്യകക്ഷി നിഷാദ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ സഞ്ജയ് നിഷാദ് പവറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഇത്തവണ എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും 300ലധികം സീറ്റുകള്‍ നേടുമെന്നും സഞ്ജയ് നിഷാദ് പറഞ്ഞു. ‘ഇസ് ബാര്‍ 300 പാര്‍’ (ഇത്തവണ 300ലധികം) എന്നാണ് സഞ്ജയ് യു.പിയില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തെ കുറിച്ച് അനുമാനിക്കുന്നത്.

സഞ്ജയ് നിഷാദ്

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഏതൊക്കെ നേതാക്കളാവും എത്തുക എന്ന ചോദ്യത്തിന് ‘ചായക്കടക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ സാധിക്കുമെങ്കില്‍, ഒരു നിഷാദന്റെ മകനെ എവിടെ വേണമെങ്കിലും എത്തിക്കാന്‍ ആ പാര്‍ട്ടിക്കാവും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

യു.പിയില്‍ ബി.ജെ.പി 300ലധികം സീറ്റുമായി മുന്നേറുമെന്ന പ്രതീക്ഷ സഞ്ജയ് നിഷാദ് മാത്രമല്ല വെച്ചു പുലര്‍ത്തുന്നത്. ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശിവ്പ്രതാപ് ശുക്ലയും ഇതേ പ്രത്യാശയാണ് പങ്കുവെക്കുന്നത്. ‘300 കി പാര്‍ കി സര്‍ക്കാര്‍’ എന്നാണ് ശുക്ല ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞത്.

ബാല്ലിയ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു.പി മന്ത്രിയായ സ്വരൂപ് ശുക്ലയുടെ കണക്കുകൂട്ടല്‍ പ്രകാരം 350 സീറ്റുകളാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നേടാന്‍ പോവുന്നത്.

അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 57 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആറാം ഘട്ടത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഉത്തര്‍പ്രദേശ് പി.സി.സി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പൂര്‍ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്. ചന്ദ്രശേഖര്‍ ആസാദാണ് യോഗിയുടെ പ്രധാന എതിരാളി.

ചന്ദ്രശേഖര്‍ ആസാദ്

യോഗിയുടെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്.

മുന്‍പ് പാര്‍ലമെന്റ് അംഗമായിട്ടുള്ള യോഗി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ, നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു മുഖ്യമന്ത്രിയായി അധികാരമേറ്റത്.

18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവാണ് അവസാനമായി മത്സരിച്ചത്. ഗണ്ണൗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മുലായം മത്സരിച്ചത്.

അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.

ഏഴ് ഘട്ടമായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 മണ്ഡലങ്ങളില്‍ 292 എണ്ണത്തിലേക്കാണ് ഇതുവരെ തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ 46 എണ്ണവും ബി.ജെ.പിയാണ് ഭരിക്കുന്നത്.

അവസാനഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കും. ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.

Content Highlight: BJP leaders says BJP will Come to power in UP with 300 seats

We use cookies to give you the best possible experience. Learn more