national news
മമതയെ മൂന്നാമതും മുഖ്യമന്ത്രിയാക്കാന്‍ അമിത്ഷാ തന്നെ സഹായിക്കും; ബംഗാള്‍ ബി.ജെ.പി ഭയത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 03, 05:17 am
Thursday, 3rd October 2019, 10:47 am

ബംഗാളിലെ ബി.ജെ.പി നേതൃത്വം ഇപ്പോള്‍ അല്‍പ്പം ഭയത്തിലാണ്. കാരണം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയാണ്. ദേശീയ പൗരത്വ പട്ടിക ബംഗാളിലും നടപ്പിലാക്കും എന്ന പ്രസ്താവനയാണ് സംസ്ഥാന നേതൃത്വത്തെ ഭയത്തിലാക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തും എന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് അമിത്ഷായുടെ പ്രസ്താവന ഉണ്ടാക്കിയ പ്രതിസന്ധി.

ആസാമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് നിരവധി ഹിന്ദുക്കളും പുറത്ത് പോയിരുന്നു. ഈ അനുഭവമാണ് ബി.ജെ.പി ബംഗാള്‍ നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. ഈ അനുഭവത്തെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഹിന്ദുക്കളും മുസ്‌ലിംങ്ങളും വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം തന്നെ നില്‍ക്കുമെന്നാണ് അവര്‍ കരുതുന്നത്.അങ്ങനെ സംഭവിച്ചാല്‍ മൂന്നാം തവണയും മമത മുഖ്യമന്ത്രിയായി വരുന്ന അവസ്ഥയുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു.

ദേശീയ പൗരത്വ പട്ടിക ബംഗാളില്‍ നടപ്പിലാക്കുമെന്ന് രാഷ്ട്രീയ പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സാധ്യതകള്‍ തകര്‍ന്ന് പോവുമെന്ന് ഒരു ബി.ജെ.പി എം.പി ദ പ്രിന്റിനോട് പ്രതികരിച്ചു. ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാനുള്ള ശ്രമം മതുവാ സമുദായത്തെയും ബംഗാള്‍ മുസ്‌ലിംങ്ങളെയും യോജിപ്പിക്കും. ഇത് 150ലേറെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഫലിക്കുമെന്നും എം.പി പറഞ്ഞു.

 

ബംഗാളിലെ ആകെയുള്ള 295 നിയോജക മണ്ഡലങ്ങളില്‍ 87 നിയോജക മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ളതും 40 മണ്ഡലങ്ങള്‍ മതുവാ ഭൂരിപക്ഷ പ്രദേശങ്ങളുമാണ്. 35 മണ്ഡലങ്ങളില്‍ മാത്രമാണ് ന്യൂനപക്ഷ സമുദായങ്ങള്‍ 15 ശതമാനത്തില്‍ താഴെയുള്ളൂ. ഈ കണക്കുകളാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി ബി.ജെ.പി എംപിമാരാണ് ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. പശ്ചിമ ബംഗാള്‍ ബീഹാറിനെ പോലെയോ ഉത്തര്‍പ്രദേശിനെ പോലെയെ അല്ല, അത് കൊണ്ട് ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാനാവില്ലെന്ന് സൗമിത്ര ഖാന്‍ എം.പി പറഞ്ഞു.

എന്ത് വില കൊടുത്തും ദേശീയ പൗരത്വ പട്ടിക ബംഗാളില്‍ നടപ്പിലാക്കുന്നത് ചെറുക്കും എന്ന നിലപാടാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ഇത് മമതയുടെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.