| Thursday, 5th March 2020, 7:39 pm

'ധാരാളം ഗോശാലകളുള്ള ഇവിടെ പ്രവേശിക്കാന്‍ വൈറസിന് ധൈര്യമുണ്ടാവില്ല'; രാമരാജ്യവും, ഗോശാലയും കൊറോണയെ തടയുമെന്ന് യു.പിയിലെ ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജ്യത്ത് കൊറോണ വൈറസ്ബാധ പടരുന്നതിനിടെ ഗോശാലകള്‍ക്കകത്ത് കൊറോണ വൈറസ് ബാധിക്കില്ലെന്ന വാദവുമായി ബി.ജെ.പി നേതാവ്. ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് എം.എല്‍.എ നന്ദ് കിഷോറാണ് ഏറ്റവും ഒടുവില്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാമരാജ്യം നിലനില്‍ക്കുന്നിടത്ത്, പ്രത്യേകിച്ച് ഗോശാലകള്‍ ഉള്ളിടങ്ങളിലേക്ക് കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് എം.എല്‍.എയുടെ വാദം.

‘ധാരാളം ഗോശാലകള്‍ ഉള്ള ഇവിടെ പ്രവേശിക്കാന്‍ കൊറോണ വൈറസിന് ധൈര്യം ഉണ്ടാവില്ല. പശുക്കളുടെ അടുത്തുകൂടി പോകാന്‍ വൈറസിന് സാധിക്കില്ല. മാത്രമല്ല ഉത്തര്‍പ്രദേശില്‍ രാമരാജ്യമുണ്ട്, അതുകൊണ്ട് വൈറസ് ഒരിക്കലും ഇവിടെ പ്രവേശിക്കുക കൂടിയില്ല,’ ഗുജ്ജാര്‍ ഒരു ഓഡിയോ ക്ലിപ്പില്‍ പറഞ്ഞതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.

അതേസമയം ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് ബാധ തടയാന്‍ ഗോശാലകള്‍ ശുചീകരിക്കന്‍ ലഖ്‌നൗ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഗോശാലകള്‍ ശുചീകരിക്കാനും തുറന്ന മത്സ്യ- മാംസ വില്‍പന നിരോധിക്കാനുമാണ് തീരുമാനിച്ചത്.

എല്ലാ ഹോട്ടലുകാര്‍ക്കും ശുചിത്വ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശം നല്‍കി. പാതി വേവിച്ച മാംസങ്ങള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്.

ആഗ്രയില്‍ ജനങ്ങള്‍ക്ക് ചില ബി.ജെ.പി നേതാക്കള്‍ ഗ്രാമ്പൂ നല്‍കുകയും ചെയ്തു. ആറു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊറോണ ബാധിക്കാതിരിക്കാനാണ് എന്ന് പറഞ്ഞാണ് ഗ്രാമ്പൂ വിതരണം ചെയ്തത്.

‘ഈ ഗ്രാമ്പൂ മന്ത്രങ്ങള്‍ ജപിച്ചെടുത്തതാണ്. ഇത് വൈറസിനെ അടുപ്പിക്കില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇത്തരം ഗ്രാമ്പൂകള്‍ ഞങ്ങള്‍ ഇനിയും വിതരണം ചെയ്യുന്നുണ്ട്,’ ബിജെപി നേതാവ് പറഞ്ഞു.

അയോദ്ധ്യയില്‍ ഒരു പ്രവാചകന്‍ യജ്ഞത്തില്‍ നിന്നുമുയരുന്ന പുക ശ്വസിച്ചാല്‍ കൊറോണ വൈറസ് വിട്ടു നല്‍ക്കുമെന്നും പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more