പൊലീസ് തിരിച്ചറിയാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ എത്തിയത് അയ്യപ്പന്‍മാരുടെ വേഷത്തില്‍
Sabarimala women entry
പൊലീസ് തിരിച്ചറിയാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ എത്തിയത് അയ്യപ്പന്‍മാരുടെ വേഷത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 2:41 pm

പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്താന്‍ ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും ഉള്‍പ്പെടെയുള്ള പത്തംഗം സംഘം എത്തിയത് അയ്യപ്പന്‍മാരുടെ വേഷത്തില്‍.

പൊലീസിന്റെ പരിശോധനയില്‍പ്പെടാതെയാണ് എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയത്. അയ്യപ്പഭക്തന്‍മാരുടെ വേഷത്തിലെത്തിയ എ.എന്‍ പദ്മകുമാറിനേയും രാധാകൃഷ്ണനേയും പൊലീസിന് മനസിലായില്ല. ഇവര്‍ എത്തി മുദ്രാവാക്യം വിളിച്ചപ്പോള്‍ മാത്രമാണ് പൊലീസ് വിവരമറിഞ്ഞത്.

യാതൊരു വിധത്തിലും പൊലീസ് തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു വേഷം മാറി നേതാക്കള്‍ എത്തിയത്. പമ്പയില്‍ വാഹനങ്ങളില്‍ വരെ കയറി പരിശോധിച്ച ശേഷമാണ് പൊലീസ് അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിട്ടത്.


പൊലീസിനെ വെട്ടിച്ച് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി നേതാക്കള്‍; എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അറസ്റ്റില്‍


എന്നാല്‍ ഇവര്‍ എത്തിയ വാഹനം പൊലീസ് പരിശോധിച്ചെങ്കിലും നേതാക്കന്‍മാരെ പൊലീസിന് മനസിലായില്ല. വാഹനം നിലയ്ക്കലില്‍ എത്തി നേതാക്കന്‍മാര്‍ ഇറങ്ങി മുദ്രാവാക്യം വിളിയും പ്രസംഗവും ആരംഭിച്ച് നാല് മിനിട്ടോളം പിന്നിട്ടപ്പോള്‍ മാത്രമാണ് പൊലീസ് വിവരമറിയുന്നത്.

യാതൊരു വിധ മുന്നറിയിപ്പുകളും നല്‍കാതെയായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം. നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്താന്‍ ഒരുങ്ങുകയാണെന്ന ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.

ഇലവങ്കല്‍ നിലയ്ക്കല്‍ പമ്പ സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാഞ്ജ ഉള്ളത്. ഇന്നലെ റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ശോഭാ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അവിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചെന്നും ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ നിരോധനാഞ്ജ ലംഘിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബി.ജെ. പി നേതാക്കളുടെ പ്രതിഷേധ പ്രകടനം.