| Friday, 21st December 2018, 12:11 pm

ശബരിമല വിഷയത്തില്‍ ബി.ജെ.പി ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതി അംഗമുള്‍പ്പെടെ പാര്‍ട്ടിവിട്ട് സി.പി.ഐ.എമ്മിലേക്ക്; രാജി പ്രഖ്യാപിച്ചത് ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി കണ്ടശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ നാലുപേര്‍ സി.പി.ഐ.എമ്മിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി. സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് സി.പി.ഐ.എമ്മിലേക്ക് പോകുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ബി.ജെ.പി വിടാനൊരുങ്ങിയിരിക്കുകയാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ക്കു പിന്നാലെ ഇവര്‍ പാര്‍ട്ടി വിടും. എല്ലാവരും ഒരു മിച്ച് യോഗം ചേരുമെന്നും സി.പി.ഐ.എമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അറിയിച്ചു.

Also read:ഇങ്ങനെപോയാല്‍ പിറവം പള്ളി കേസ് പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാതെ വരുമെന്ന് ജസ്റ്റിസ് ചിദംബരേഷ്; കേസില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി

ബി.ജെ.പിക്കുള്ളില്‍ ജനാധിപത്യമില്ല. മതേതരത്വമില്ല. ബി.ജെ.പി തനിക്ക് ഫാഷിസ്റ്റ് പ്രസ്ഥാനമാണ്. അത് നേരിട്ട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നതായിരുന്നു ബി.ജെ.പിയുടെ ആദ്യ നിലപാട്. സംഘവുമായി ബന്ധമുള്ള സ്ത്രീകളാണ് ലോയേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയില്‍ നിന്നും വിധി വന്നതിനു പിന്നാലെ ബി.ജെ.പി ഇതിനെ വര്‍ഗീയമായി മുതലെടുക്കുകയുമായിരുന്നെന്നാണ് ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാജിക്കത്ത് ഉടന്‍ കൈമാറുമെന്നും ഇവര്‍ പറഞ്ഞു. 2014ല്‍ ആറ്റിങ്ങള്‍ ലോക്‌സഭ സീറ്റില്‍ മത്സരിച്ച ഗിരിജകുമാരിയുടെ ഭര്‍ത്താവാണ് വെള്ളനാട് കൃഷ്ണകുമാര്‍.

Also read:ബൂത്ത് ലെവല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ പതറി മോദി; ഒടുക്കം യാത്ര പറഞ്ഞ് തടിയൂരി; ലൈവ് വീഡിയോ പോസ്റ്റു ചെയ്തത് ബി.ജെ.പിക്കു തന്നെ അടിയായി

ശബരിമല വിഷയത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ പാര്‍ട്ടി വിടുന്നത്. നേരത്തെ ശോഭാ സുരേന്ദ്രനെ സമരപ്പന്തലില്‍ എത്തി വെള്ളനാട് കൃഷ്ണകുമാര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വിടുന്ന കാര്യം അദ്ദേഹം സന്ദര്‍ശനത്തിനിടെ ശോഭാ സുരേന്ദ്രനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more