അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. അഹമ്മദാബാദിലെ സിറ്റിങ് കൗണ്‍സിലറും നര്‍മദ ജില്ലയില്‍ നിന്നുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബി.ടി.പി) യുടെ മൂന്ന് പ്രധാന നേതാക്കളുമാണ് ബി.ജെ.പിയില്‍ നിന്നും ആം ആദ്മിയില്‍ ചേര്‍ന്നിരിക്കുന്നത്. അഹമ്മദാബാദിലെ ബരേജ മുനിസിപ്പാലിറ്റിയിലെ സിറ്റിങ് ബി.ജെ.പി കൗണ്‍സിലറായ കൈലാസ്‌ബെന്‍ പര്‍മാര്‍ ആണ് തന്റെ അനുയായികള്‍ക്കൊപ്പം എ.എ.പിയിലെത്തിയത്.
ബി.ജെ.പി നടത്തുന്ന ക്രമക്കേടുകള്‍ക്കെതിരെ ബി.ജെ.പിയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാര്‍ഥി ശബ്ദം ഉയര്‍ത്തിയത് അഭിമാനകരമാണെന്ന് എ.എ.പി പറഞ്ഞു.
ബി.ടി.പി ജില്ലാ പ്രസിഡന്റ് ചേതര്‍ വാസവ, ദെദിയാപദ താലൂക്ക് പ്രസിഡന്റ് ദേവേന്ദ്ര വാസവ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവ്സിങ് വാസവ എന്നിവരാണ് എ.എ.പിയില്‍ ചേര്‍ന്ന മറ്റുള്ളവര്‍.
ജഗാഡിയ എം.എല്‍.എ ഛോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുള്ള ബി.ടി.പി കഴിഞ്ഞ മാസം എ.എ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. മൂന്ന് പ്രധാന നേതാക്കള്‍ എ.എ.പിയില്‍ ചേരുന്നതോടെ നര്‍മദ ജില്ലയിലെ ബി.ടി.പിയുടെ പ്രവര്‍ത്തനം ആശങ്കയിലായേക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
ദെദിയാപദയില്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ നിന്ന് മത്സരിക്കാന്‍ ചേതര്‍ വാസവ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മുന്‍ ബി.ടി.പി നേതാവ് പ്രഫുല്‍ വാസ്വയെ നന്ദോഡ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ ജില്ലയിലെ പ്രാദേശിക എ.എ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉദേസിങ് ചൗഹാനും ഏതാനും പ്രവര്‍ത്തകരം എ.എ.പിയില്‍ ചേര്‍ന്നതായും എ.എ.പി ഗുജറാത്ത് പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ പറയുന്നു. മഹിസാഗര്‍ കോണ്‍ഗ്രസ് ഘടകം വൈസ് പ്രസിഡന്റാണ് ഉദേസിങ് ചൗഹാന്‍.
രാവണനെ ഉന്മൂലനം ചെയ്യാന്‍ ശ്രീരാമന്‍ തയ്യാറായതുപോലെ, തിന്മയെ ജയിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരു സൈന്യത്തെ തയ്യാറാക്കുകയാണെന്നായിരുന്നു ചൗഹാനെ സ്വാഗതം ചെയ്തുകൊണ്ട് ഇറ്റാലിയ പറഞ്ഞത്.
‘ധാരാളം ആളുകള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നു. പാര്‍ട്ടി ഒരു വിപ്ലവത്തിനുള്ള ഒരുക്കത്തിലാണ്. അരവിന്ദ് കെജ്‌രിവാളിന്റെ ഗ്യാരന്റി കാര്‍ഡ് ഓരോ വ്യക്തിയുടെയും കൈയിലുണ്ട്. ബി.ജെ.പി രാവണനെപ്പോലെ അഹങ്കാരിയായി മാറിയിരിക്കുന്നു, നുണകള്‍ക്ക് മേല്‍ സത്യം ജയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ ഇറ്റാലിയ പറഞ്ഞു.
മൂന്ന് തവണ ദല്‍ഹി തെരഞ്ഞെടുപ്പിലും പഞ്ചാബിലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി പരാജയപ്പെട്ടുവെന്നും ഇറ്റാലിയ പറഞ്ഞു. ഇപ്പോള്‍, ഗുജറാത്തിലും അതേ തോല്‍വിയാണ് ബി.ജെ.പി കാണാന്‍ പോകുന്നത്. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വിജയ മാര്‍ജിന്‍ വലുതാക്കാന്‍ പാര്‍ട്ടി കഠിനമായി പരിശ്രമിക്കുകയാണെന്നും ഇറ്റാലിയ കൂട്ടിച്ചേര്‍ത്തു.
മുന്‍ കോണ്‍ഗ്രസ് നേതാവ് ഉദേസിന്‍ഹ് ചൗഹാന്‍ 2003 മുതല്‍ 2013 വരെ ബാലസിനോറിലെ ഖേഡ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2013 മുതല്‍ 2015 വരെ ജില്ലയിലെ മുന്‍ പ്രതിപക്ഷ നേതാവായും സ്ഥാനമേറ്റിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തന്റെ അനുയായികള്‍ക്കൊപ്പം എ.എ.പിയില്‍ ചേരുകയാണെന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതിനിടെ ഉദേസിങ് ചൗഹാന്റെ പ്രതികരണം.
ഗാന്ധിധാമില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക്ഭായ് ബറോട്ടും പാര്‍ട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗുലാബ് സിങ് യാദവിന്റെ സാന്നിധ്യത്തില്‍ എ.എ.പിയില്‍ ചേര്‍ന്നിരുന്നു. സാമൂഹിക നേതാവും വ്യവസായിയുമായ ബരോട്ട് ഗാന്ധിധാം കോണ്‍ഗ്രസ് യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു.
Content Highlight: Bjp leaders joined aam admi party in Gujarat