| Tuesday, 22nd October 2024, 6:39 pm

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: നിയമസഭ തെരഞ്ഞെടപ്പ് നടക്കാനിരിക്കെ ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി. മുതിര്‍ന്ന നേതാക്കളടക്കം മൂന്ന് ബി.ജെ.പി എം.എല്‍.മാര്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്ത് വിട്ടിരുന്നു. ഇതില്‍ അതൃപ്തരായാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്നാണ് സൂചന.

ലോയിസ് മറാണ്ടി, കുനാല്‍ സാരംഗി, ലക്ഷ്മണ്‍ ടുഡു എന്നീ എം.എല്‍.എ മാരാണ് ജെ.എം.എമ്മില്‍ അംഗത്വം എടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് തവണ എം.എല്‍.എ സ്ഥാനം വഹിച്ചിരുന്ന മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എയായ കേദാര്‍ എസ്രയും ബി.ജെ.പി വിട്ട് ജെ.എം.എമ്മില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് പുറമെ ബി.ജെ.പി സഖ്യകക്ഷിയായ എ.ജെ.എസ്.യു നേതാവായ ഉമാകാന്ത് രജക്കും പാര്‍ട്ടി വിട്ടിരുന്നു.

എം.എല്‍.എയായ കുനാല്‍ സാരംഗി ജൂലായില്‍ തന്നെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വെച്ചിരുന്നു. പല നിര്‍ണായക വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വം അവയെല്ലാം അവഗണിച്ചതിനാലാണ് പാര്‍ട്ടി വിടേണ്ടി വന്നതെന്നും സാരംഗി വിമര്‍ശിച്ചു.

അതേസമയം ബി.ജെ.പിയില്‍ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം)യ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മുതിര്‍ന്ന ജെ.എം.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ പാര്‍ട്ടി വിട്ട വിടവ്‌ ബി.ജെ.പി നേതാക്കളിലൂടെ തിരിച്ച് പിടിക്കാന്‍ പാര്‍ട്ടിയെ സഹായിക്കും എന്ന കണക്ക് കൂട്ടലിലാണവര്‍.

തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികളുമായി ചേര്‍ന്നാണ് ജെ.എം.എം മത്സരിക്കുന്നത്. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ തമ്മില്‍ സീറ്റുവിഭജനത്തില്‍ ജെ.എം.എം ധാരണയായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ജെ.എം.എമ്മും കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ആര്‍.ജെ.ഡിയും ഇടത് പാര്‍ട്ടികളും മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സീറ്റ് വിഭജനത്തില്‍ ആര്‍.ജെ.ഡി അതൃപ്തി അറിയിച്ചിരുന്നു. 12 ല്‍ കുറവ് സീറ്റുകള്‍ സ്വീകാര്യമല്ലെന്നും അല്ലാത്ത പക്ഷം ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പ്രതികരിച്ചു.

നവംബര്‍ 13 നും 20 നുമായി രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടക്കും.

Content Highlight: BJP leaders including MLA’s joined JMM before Jharkhand election

We use cookies to give you the best possible experience. Learn more