അഗര്‍ത്തല: ത്രിപുരയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറിയിലൂടെ വിജയിക്കുമെന്ന ബി.ജെ.പി നേതാവിന്റെ വെല്ലുവിളി. പടിഞ്ഞാറന്‍ ത്രിപുരയിലെഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബി.ജെ.പി ത്രിപുര പ്രസിഡന്റ് ബിപ്‌ലാപ് കുമാര്‍ ദേവാണ് ഇങ്ങനെ പറഞ്ഞത്.
” ഉത്തര്‍പ്രദേശിലെയും മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലം ത്രിപുരയിലും അലയടിക്കും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യുകയാണെങ്കില്‍ പോലും അത് താമരയ്ക്ക് അനുകൂലമായേ രേഖപ്പെടുത്തൂ.” എന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ ബിപ്‌ലാബ് സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി നേതാവിന്റെ പരാമര്‍ശം പുറത്തായതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ പ്രതിഷേധവുമായി എല്‍.ഡി.എഫ് രംഗത്തെത്തി. ബി.ജെ.പി ത്രിപുര പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നും അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റമറ്റ വോട്ടിങ് യന്ത്രങ്ങള്‍ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ആരോപണവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നത്. അടുത്തിടെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ അട്ടിമറി കണ്ടെത്തുകയും ചെയ്തിരുന്നു. ഏതുപാര്‍ട്ടിക്കു വോട്ടുരേഖപ്പെടുത്തിയാലും ബി.ജെ.പിക്കു വോട്ടുലഭിക്കുന്ന രീതിയില്‍ വോട്ടിങ് മെഷീന്‍ ക്രമീകരിച്ചെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.