പാര്‍ട്ടി അധ്യക്ഷന്‍ വിളിച്ച യോഗത്തിലെത്താതെ എം.എല്‍.എമാരും എം.പിമാരും; ബംഗാളില്‍ മുകുള്‍ റോയിയ്ക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബി.ജെ.പി. വിട്ടേക്കും
national news
പാര്‍ട്ടി അധ്യക്ഷന്‍ വിളിച്ച യോഗത്തിലെത്താതെ എം.എല്‍.എമാരും എം.പിമാരും; ബംഗാളില്‍ മുകുള്‍ റോയിയ്ക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബി.ജെ.പി. വിട്ടേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 9:44 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

മാത്രമല്ല കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് മൂന്ന് എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു.

ബി.ജെ.പി. വിട്ടേക്കുമെന്ന പരോക്ഷ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുകുള്‍ റോയ് ബി.ജെ.പി. വിട്ടത് പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമെന്നാണ് മുന്‍ തൃണമൂല്‍ എം.എല്‍.എയും ഇപ്പോഴത്തെ ബി.ജെ.പി. നേതാവുമായ സുനില്‍ സിംഗ് പറയുന്നത്.

തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് പാര്‍ഗ്നാസ് ജില്ലയിലെ നിര്‍ണായക പാര്‍ട്ടി യോഗത്തില്‍ നിന്ന് മൂന്ന് എം.എല്‍.എമാരും ഒരു എം.പിയും വിട്ടുനിന്നിരുന്നു. മുകുള്‍ റോയി ബി.ജെ.പിയിലെ സമുന്നതനായ നേതാവായിരുന്നെന്നും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കഴിഞ്ഞാല്‍ രണ്ടാമത്തെ അധികാരകേന്ദ്രമായിരുന്നു മുകുളെന്നുമാണ് ബാഗ്ജ എം.എല്‍.എ. ബിശ്വജിത്ത് ദാസ് പറയുന്നത്.

‘രാജ്യത്തെ സ്വാധീനമുള്ള രാഷ്ട്രീയവ്യക്തിത്വമാണ് മുകുള്‍ റോയ്. അങ്ങനെയൊരാള്‍ പാര്‍ട്ടി വിടുമ്പോള്‍ എന്തായാലും അതിന്റെ പ്രതിഫലനങ്ങളുണ്ടാകും,’ ബിശ്വജിത്ത് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ നിന്നും തൃണമൂലിലേക്ക് തിരിച്ചുവരികയാണെന്ന് മുകുള്‍ റോയ് പറഞ്ഞത്. ഇതിന് പിന്നാലെ മുകുള്‍ റോയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയ്ക്ക് ഏര്‍പ്പെടുത്തിയത്.

മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകുള്‍ റോയ്ക്കൊപ്പം മകന്‍ സുഭ്രാന്‍ഗ്ഷു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തും. മമതയുമായി മുകുള്‍ റോയ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP leaders ‘close to’ Mukul Roy fuel speculation of possible exodus from party