ബംഗളൂരു: ഇന്ത്യന്‍ ഭരണഘടനയോടും ദേശീയ പതാകയോടും അഖണ്ഡതയോടും താത്പര്യമില്ലെങ്കില്‍ പാര്‍ട്ടിയുടെ ലക്ഷ്യസ്ഥാനമായ പാകിസ്താനിലേക്ക് ബി.ജെ.പി നേതാക്കള്‍ക്ക് പോവാമെന്ന് കോൺഗ്രസ് നേതാവും കർണാടക ആർ.ഡി.പി.ആർ മന്ത്രിയുമായ ബി.ടി. പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ കേരഗോഡു ഗ്രാമപഞ്ചായത്തിലെ കൊടിമരത്തില്‍ നിന്ന് ഹനുമാന്റെ ഛായാചിത്രം ആലേഖനം ചെയ്ത കൊടികള്‍ നീക്കം ചെയ്ത് ദേശീയ പതാക സ്ഥാപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
റിപ്പബ്ലിക്ക് ദിനത്തില്‍ ഉണ്ടായ നടപടിയില്‍ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഗൂഢാലോചനകള്‍ക്കും തന്ത്രങ്ങള്‍ക്കും മുന്നില്‍ തങ്ങള്‍ വീഴില്ലെന്നും അതിനെ ഫലപ്രദമായി നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
സമൂഹം സമാധാനത്തിലായാല്‍ ബി.ജെ.പിക്ക് സമാധാനമുണ്ടാകില്ല എന്ന് തോന്നുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി നേതാക്കള്‍ മാണ്ഡ്യ ജില്ലയില്‍ തീ ആളിച്ചുകൊണ്ട് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്നും പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അധികാരികള്‍ ഞായറാഴ്ച 108 അടി ഉയരമുള്ള കൊടിമരത്തില്‍ നിന്ന് ഹനുമധ്വജ എന്നെഴുതിയ കൊടികള്‍ നീക്കം ചെയ്തതിന് പിന്നാലെ സിദ്ധരാമയ്യ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ സംസ്ഥാന പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹനുമധ്വജയ്ക്ക് പകരം ദേശീയ പതാക സ്ഥാപിച്ചതിനെതിരെ ബി.ജെ.പി, ജെ.ഡി(എസ്) ബജ്രംഗ്ദള്‍ തുടങ്ങിയ രാഷ്ട്രീയ സംഘടനകളോടൊപ്പം കേരഗോഡു ഗ്രാമത്തിലെ ഏതാനും താമസക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. പതാക നീക്കം ചെയ്യുമെന്ന് നേരത്തെ ഗ്രാമവാസികളെ അറിയിച്ചിരുന്നെന്നും നടപടികള്‍ക്കിടയില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ കയ്യാങ്കളിയുണ്ടായെന്നും ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: BJP leaders can go to Pakistan if they are not interested in the national flag, says Karnataka minister