| Friday, 30th March 2018, 2:54 pm

മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 'പോസ്റ്റ് കാര്‍ഡ്' സ്ഥാപകനെ വിട്ടയക്കണമെന്ന് കേന്ദ്രമന്ത്രി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മഹേഷ് വിക്രം ഹെഡ്ഗയെ വിട്ടയക്കണമെന്ന് ബി.ജെ.പി നേതാക്കള്‍. സംഘപരിവാറിനും ബി.ജെ.പിയ്ക്കും വേണ്ടി വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സ്ഥാപകനാണ് മഹേഷ് വിക്രം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മഹേഷിനെ ഇന്നലെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മഹേഷിനെ അനുകൂലിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്.

ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് മഹേഷ് വിക്രത്തിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതിഷേധവുമായെത്തിയത്. ഈ ട്വീറ്റ് ഇതുവരെയും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ല.

“ഭീരുക്കളായ കോണ്‍ഗ്രസുകാര്‍, ഇല്ലാത്ത ഐ.ടി ആക്ട് 66 പ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നു. നാണമില്ലേ നിങ്ങള്‍ക്ക്” പ്രതാപ് സിംഹ ട്വീറ്റ് ചെയ്തു.


Read Also: സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ബി.ജെ.പി; സമാധാനത്തിനായി എന്തു ചെയ്യാനും മടിക്കില്ല; ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പുമായി ജെ.ഡി.യു


കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗഡെയാണ് ശേഷം പിന്തുണയുമായെത്തിയത്. “നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്. ജനാധിപത്യപരമായി നേരിടുന്നതിന് പകരം ഭീരുത്വപരമായ നടപടികളിലൂടെ ഏകാധിപത്യപരമായ സമീപനമാണ് സ്വീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് നടത്തുന്ന രണ്ട് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പണം സ്വരൂപിക്കാന്‍ ശ്രമിച്ചതിനാലാണ് മഹേഷിനെ അറസ്റ്റ് ചെയ്തതെന്ന് വാദമാണ് ബി.ജെ.പി എം.എല്‍.എയും കര്‍ണാടക ജനറല്‍ സെക്രട്ടറിയുമായ സി.ടി രവി ട്വീറ്റ് ചെയ്തത്.


Read Also: വയോധികര്‍ക്കുള്ള കട്ടിലിറക്കാന്‍ അധികകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു; ഒരു കട്ടിലിറക്കാന്‍ ആവശ്യപ്പെട്ടത് 100 രൂപ; സംഭവം സി.പി.ഐ.എം ഭരിക്കുന്ന പഞ്ചായത്തില്‍


മഹിളാ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗം പ്രീതി ഗാന്ധിയും ബി.ജെ.പി എം.പി മഹേയ്ഷ് ഗിരിയും ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

#ReleaseMaheshHegde എന്ന ഹാഷ് ടാഗിലാണ് ട്വീറ്റുകള്‍. നിരവധി പ്രാദേശിക നേതാക്കളും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഇതേ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.


Read Also: ‘മോഹന്‍ലാലിന്റെ’ കഥ മോഷ്ടിച്ചതല്ലെന്ന് സാജിദ്; ‘ജോര്‍ജ് ഏട്ടന്‍സ് പൂരത്തിനും രക്ഷാധികാരി ബൈജുവിനും കേസ് കൊടുത്തിട്ടെന്തായി?’


എന്നാല്‍, ഹാഷ്ടാഗ് ട്രെന്‍ഡ് ചെയ്യാന്‍ വാട്‌സ് അപ്പിലൂടെയും മറ്റും കൃത്രിമ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതിക് സിന്‍ഹ പറഞ്ഞു.

ഈ മാസം 18-ാം തിയ്യതി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയുടെ പേരിലാണ് മഹേഷ് വിക്രത്തെ അറസ്റ്റ് ചെയ്തത്. നേരത്തേ ശ്രാവണവെലഗോളയിലെ ഉത്സവത്തിനെത്തിയ ഒരു ജൈന സന്യാസി അപകടത്തില്‍ പെട്ടിരുന്നു. ഈ സംഭവത്തെ വളച്ചൊടിച്ച് സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നത്.

“കര്‍ണ്ണാടകയില്‍ ജൈന സന്യാസി മുസ്ലിം യുവാക്കളാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. സിദ്ധരാമയ്യയുടെ കര്‍ണ്ണാടകയില്‍ ആരും സുരക്ഷിതരല്ല.” എന്ന കുറിപ്പോടെയാണ് ജൈന സന്യാസിയുടെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ്കാര്‍ഡ് ന്യൂസ് പോസ്റ്റ് ചെയ്തത്.

രണ്ടു പരാതികളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗഫാര്‍ ബൈഗ് ആണ് ഒരു പരീതിക്കാരന്‍.
റാണി ചെന്നമ്മയേയും ഒനാകെ ഒബാവയേയും (Onake Obava) പറ്റി പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകളിന്മേല്‍ സഞ്ജയ് നഗര്‍ എന്ന വ്യക്തി നല്‍കിയതാണ് രണ്ടാമത്തെ പരാതി.

” ബൈക്ക് ഇടിച്ചാണ് ജൈന സന്യാസി അപകടത്തില്‍ പെട്ടത്. അല്ലാതെ ഹെഗ്ഡെ അവകാശപ്പെടുന്നതു പോലെ മുസ്ലിം യുവാക്കള്‍ ആക്രമിച്ചിട്ടല്ല. ഹെഗ്ഡെയെ അറസ്റ്റ് ചെയ്തത് സത്യമാണ്.” -ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി “ദി ന്യൂസ് മിനുറ്റ്” റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലും ഹെഗ്ഡെയുടെ വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ടിലും ജൈന സന്യാസിയെ പറ്റിയുള്ള വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), 34, 120 (ബി), ഐ.ടി ആക്ടിലെ 66-ാം വകുപ്പ് എന്നിവ പ്രകാരമാണ് ആദ്യ പരാതിയിലെ കേസ്. രണ്ടാം പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153(എ), 295(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.



Watch Doolnews Special: ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ

We use cookies to give you the best possible experience. Learn more