| Saturday, 22nd July 2023, 9:27 am

പാര്‍ട്ടി പരിപാടിയില്‍ ശോഭ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ അതൃപ്തി; ബി.ജെ.പിയില്‍ പരസ്യ പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ അതൃപ്തി പരസ്യമാക്കി എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി.പി രാജീവന്‍. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭ സുരേന്ദ്രനെ എന്തിനാണ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുട ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പായ ‘ബി.ജെ.പി കോഴിക്കോട് ഡിസ്ട്രിക്ട്’ലായിരുന്നു രാജീവന്റെ പ്രതികരണം.

വെള്ളിയാഴ്ച ബി.ജെ.പി നടത്തിയ മത്സ്യത്തൊഴിലാളി രാപകല്‍ സമരത്തിന്റെ പോസ്റ്റര്‍ ഗ്രൂപ്പില്‍ വന്നിരുന്നു. കടലിന്റെ കണ്ണീരൊപ്പാന്‍ കേരളത്തിന്റെ സമരനായിക എന്നെഴുതിയ പോസ്റ്ററിനുള്ള പ്രതികരണമായിട്ടായിരുന്നു രാജീവന്റെ മറുപടി. ശോഭക്കെതിരായ പോസ്റ്റ് അവരെ അനുകൂലിക്കുന്നവരാണ് ചോര്‍ത്തി നല്‍കിയതെന്നാണ് വിവരം.

സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭ സുരേന്ദ്രന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണമെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മണ്ഡലം പ്രസിഡന്റുമാരായ പി.സി അഭിലാഷ്, മനോജ് നടക്കണ്ടി എന്നിവര്‍ രാജീവനെ പിന്തുണക്കുകയും ചെയ്തു.

സംഘടനയുടെ ഭാഗത്തോ നേതൃത്വത്തിന്റെ ഭാഗത്തോ തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കണം, എന്നാല്‍ അത് മാധ്യമങ്ങളിലൂടെയല്ല വേണ്ടത്. ദേശീയ നേതാക്കളെ അടക്കം വിമര്‍ശിക്കുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഗ്രൂപ്പിലിട്ട പോസ്റ്റില്‍ പറയുന്നു.

വി.മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി സ്ഥാനമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ശോഭ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചതെന്നാണ് സൂചന.

അതേസമയം, വാട്‌സ് ആപ്പ് ഗ്രൂപ്പിലെ പോസ്റ്റിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തോടാണ് ചോദിക്കേണ്ടതെന്ന് രാപകല്‍സമരത്തില്‍ പങ്കെടുത്ത ശേഷം ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് പരിപാടിയില്‍ വിലക്കുണ്ടോയെന്ന കാര്യം അറിയില്ല. അത്തരം നിലപാടുകള്‍ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നേതൃത്വമാണ് പരിശോധിക്കേണ്ടത്. മാനസിക സമര്‍ദം കൊണ്ടാണ് കുറച്ച് കാലം പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: BJP Leaders against Shobha surendran

We use cookies to give you the best possible experience. Learn more