ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസില്‍ “എനിക്കിപ്പോള്‍ സംസാരിക്കണം” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അതുപോലൊരു അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കാനാണ് അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി ഇപ്പോള്‍ അധിക ജോലിയെടുക്കുന്നതെന്നും സിന്‍ഹ പരിഹസിച്ചു.
ജെയ്റ്റ്‌ലിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ അത് രാജ്യത്തോടുള്ള കടമ നിറവേറ്റാതിരിക്കലാകുമെന്നും സിന്‍ഹ പറയുന്നു. തന്റെ നിലപാടുകള്‍ ബി.ജെ.പി നേതാക്കളുമായി പങ്കുവെച്ചിരുന്നെന്നും എന്നാല്‍ അവരെല്ലാം സംസാരിക്കാന്‍ ഭയപ്പെടുകയാണെന്നും സിന്‍ഹ ലേഖനത്തിലൂടെ പറഞ്ഞു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെയും ജി.എസ്.ടിക്കെതിരെയും സിന്‍ഹ രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്. നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായി വിശേഷിപ്പിച്ച അദ്ദേഹം. ജി.എസ്.ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പിലാക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി.
ജെയ്റ്റ്‌ലി അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നെന്നും ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങള്‍ നഷ്ടമായെന്നും സിന്‍ഹ പറഞ്ഞു. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തികാവസ്ഥ ഇതുപോലെയാണ് മുന്നോട്ട് പേകുന്നതെങ്കില്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് മാന്ദ്യത്തെ മറികടക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.