| Sunday, 5th January 2025, 2:18 pm

പ്രിയങ്കാ ഗാന്ധിക്കെതിരെ ലൈംഗിക പരാമര്‍ശവുമായി ബി.ജെ.പി നേതാവ്; സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക പരാമര്‍ശവുമായി കല്‍ക്കാജിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരി. ബി.ജെ.പി നേതാവിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ബി.ജെ.പി സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും പറഞ്ഞു.

താന്‍ കല്‍ക്കാജിയില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നാണ് രമേശ് ബിധുരിയുടെ പരാമര്‍ശം. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയിലാണ് രമേശ് ബിധുരിയുടെ പരാമര്‍ശം.

അതേസമയം ബി.ജെ.പി സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതായി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇത്തരം മനോഭാവങ്ങള്‍ ലജ്ജാകരമാണെന്നും സ്ത്രീകളുടെ കാര്യത്തില്‍ വൃത്തികെട്ട സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നേതാവ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ് പ്രതികരിച്ചു.

ബിധുരിയുടെ പരാമര്‍ശത്തിനെതിരെ ആം ആദ്മിയും രംഗത്തെത്തിയിട്ടുണ്ട്. ഇയാളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്നും സ്ഥാനാര്‍ത്ഥിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ് ഈ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്നും രാജ്യസഭാ എം.പി സജ്ഞയ് സിങ് ട്വീറ്റ് ചെയ്തു.

സ്ത്രീകളോടടക്കമുള്ള അയാളുടെ ഭാഷ ഇതാണെന്നും ദല്‍ഹിയിലെ സ്ത്രീകളെ അയാള്‍ ഇത്തരത്തിലായിരിക്കും കാണുന്നതെന്നും ബി.ജെ.പി നേതാക്കളുടെ കൈകളില്‍ സ്ത്രീകള്‍ സുരക്ഷിതമാണോ എന്നും സഞ്ജയ് സിങ് ആരോപിച്ചു.

Content Highlight: BJP leader with sexual suggestion against Priyanka Gandhi; Congress is spreading anti-women

We use cookies to give you the best possible experience. Learn more