പാവാട നിരോധിച്ച എം.എല്‍.എയ്ക്ക് പെണ്‍കുട്ടികള്‍ പാവാട സമ്മാനിച്ചു
India
പാവാട നിരോധിച്ച എം.എല്‍.എയ്ക്ക് പെണ്‍കുട്ടികള്‍ പാവാട സമ്മാനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st December 2012, 1:24 pm

ജയ്പൂര്‍: “ആറ് വയസ്സുള്ള പെണ്‍കുട്ടികളോട് വരെ സാരി ചുറ്റാന്‍ പറയുന്ന എം.എല്‍.എ എന്ത്‌കൊണ്ട് ആണ്‍കുട്ടികളോട് അവരുടെ രീതി മാറ്റാന്‍ ആവശ്യപ്പെടുന്നില്ല, പെണ്‍കുട്ടികളുടെ വസ്ത്രത്തെ പറ്റി മാത്രം എന്ത്‌കൊണ്ട് പറയുന്നു.?”[]

സ്‌കൂളില്‍ പാവാട നിരോധിക്കണമെന്നാവശ്യപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ആയ ബന്‍വരി ലാല്‍ സിംഗാലിനോട് സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ചോദ്യമാണിത്.

പ്രസ്താവനയ്‌ക്കെതിരെ എം.എല്‍.എയുടെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ പ്രകടനം നടത്തുകയും എം.എല്‍.എയ്ക്ക് പാവാട സമ്മാനമായി നല്‍കുകയും ചെയ്തു.

പുരുഷന്മാരുടെ കാമക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സല്‍വാര്‍ കമ്മീസോ പാന്റോ യൂണിഫോമാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് എം.എല്‍.എ കത്തയച്ചിരുന്നു.

പുതിയ നിര്‍ദേശം താലിബാന്‍ മോഡല്‍ പരിഷ്‌കരണമല്ലെന്നും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല മറിച്ച് അവരെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ആണ്‍കുട്ടികള്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സിംഗല്‍ പറഞ്ഞു.

ബന്‍വാരിലാല്‍ പെണ്‍കുട്ടികളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ മമത ശര്‍മയും രംഗത്തെത്തി.

മൂന്ന് വയസ്സുള്ള കുഞ്ഞും എണ്‍പത് വയസ്സുള്ള വൃദ്ധയും എങ്ങനെയാണ് വസ്ത്രധാരണത്തിലൂടെ പുരുഷന്മാരെ പ്രകോപിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമല്ല മറിച്ച് ആളുകളുടെ കാഴ്ച്ചപ്പാടാണ് മാറ്റേണ്ടതെന്നും മമത ശര്‍മ പറഞ്ഞു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും  വസ്ത്രധാരണ രീതിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറാത്തത് വിഷമമാണ്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വ്യത്യസ്ത കണ്ണുകളില്‍ കാണുന്നതെന്തിനാണ്. എം.എല്‍.എയുടേയും സമൂഹത്തിന്റേയും കാഴ്ച്ചപ്പാടാണ് മാറേണ്ടത്.

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പാവാട നിരോധിക്കണമെന്നായിരുന്നു എം.എല്‍.എയുടെ നിര്‍ദേശം. പുരുഷന്മാരുടെ കാമക്കണ്ണുളില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റിനിര്‍ത്തുന്നതിനാണ് യൂണിഫോമില്‍ നിന്ന് പാവാടയെ ഒഴിവാക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചിരിക്കുന്നത്.