| Saturday, 26th October 2024, 9:34 am

ആംആദ്മി പാര്‍ട്ടിയോടുള്ള പ്രതിഷേധ സൂചകമായി യമുനയില്‍ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവിന് ചൊറിച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2025ഓടെ യമുന നദി ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത ആം ആദ്മി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ യമുന നദിയില്‍ ഇറങ്ങിക്കുളിച്ച് പ്രതിഷേധിച്ച ബി.ജെ.പി നേതാവിന് ചൊറിച്ചില്‍. ദല്‍ഹി ബി.ജെ.പി അധ്യക്ഷനായ വീരേന്ദ്ര സച്ച്‌ദേവിനെയാണ് വ്യത്യസ്തമായ സമരരീതി പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശരീരത്തില്‍ തിണര്‍പ്പുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നും ശ്വാസതടസം അനുഭവപ്പെട്ടതും കാരണമാണ് വീരേന്ദ്ര, ആര്‍.എം.എല്‍ അശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന് മൂന്ന് ദിവസത്തേക്ക് ഡോക്ടര്‍ മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

യമുന നദി ശുദ്ധീകരണത്തിനായുള്ള പദ്ധതി ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വീരേന്ദ്ര നദിയിലേക്കിറങ്ങിയത്. തുടര്‍ന്ന് സര്‍ക്കാരിന്റെ തെറ്റിന് വീരേന്ദ്ര നദിയോട് മാപ്പ് ചോദിച്ച് പ്രസ്താവനയും ഇറക്കിയിരുന്നു.

എന്നാല്‍ വീരേന്ദ്രയുടെ ഈ പ്രവര്‍ത്തി മലിനീകരണ തോത് ഉയരുന്നത് പോലെ ബി.ജെ.പിയുടെ നാടകവും ശക്തിപ്പെടുത്തുകയാണെന്ന് ആംആദ്മി നേതാവും ദല്‍ഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായ് പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേയും യു.പിയിലേയും സര്‍ക്കാരുകളാണ് വ്യവസായശാലകളിലെ മലിന ജലം ഒഴുക്കി വിട്ട് നദി മലിനമാക്കുന്നതെന്നും ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ യമുന ക്ലീനിംഗ് അതോറിറ്റി രൂപീകരിക്കുമെന്നും വീരേന്ദ്ര സച്ച്‌ദേവ പ്രതിജ്ഞയെടുത്തിട്ടുണ്ട്.

2025ലെ ഛത് പൂജയ്ക്ക് മുമ്പ് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് യമുന നദിയില്‍ കുളിക്കാമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരുന്നതായും അതിനാല്‍ ആദ്യം കെജ്‌രിവാള്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറാവണമെന്നും സച്ച്ദേവ വെല്ലുവിളിച്ചു.

Content Highlight: BJP leader who took a dip in Yamuna as a sign of protest against Aam Aadmi Party got itching

We use cookies to give you the best possible experience. Learn more