കൊല്ലം: പ്ലസ്ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന പേരില്‍ വ്യാജ വീഡിയോ തയ്യാറാക്കിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ കൊല്ലം പോരുവഴി പഞ്ചായത്തംഗമായ നിഖില്‍ മനോഹറാണ് അറസ്റ്റിലായത്. ഇയാള്‍ ഒരു യൂട്യൂബര്‍ കൂടിയാണ്.
പ്ലസ്ടു പരീക്ഷാഫലം വന്നതിന് ശേഷം ഫലത്തില്‍ അപാകതളുണ്ടെന്നും അതുകൊണ്ട് റിസള്‍ട്ട് പിന്‍വലിക്കുന്നുവെന്നുമാണ് ഒരു വീഡിയോ തയ്യാറാക്കി നിഖില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചത്. ബി.ജെ.പി നേതാവായ നിഖില്‍ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ്.
തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഇങ്ങനെയൊരു വീഡിയോ തയ്യാറാക്കിയതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
വീ കാന്‍ മീഡിയ എന്ന യൂട്യൂബ് ചാനലാണ് വ്യാജ വാര്‍ത്ത അപ്‌ലോഡ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വ്യാജവാര്‍ത്തക്കെതിരെ രംഗത്തെത്തിയിരുന്നു.
നിഖില്‍ മനോഹറിനെ ഞായറാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Content Highlight: BJP leader who made a fake video claiming to withdraw Plus Two exam results was arrested