World News
13 ബലാത്സംഗങ്ങള്‍; ഓസ്‌ട്രേലിയയിലെ സീരിയല്‍ റേപ്പിസ്റ്റായ ബി.ജെ.പി നേതാവ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 17, 03:42 am
Friday, 17th March 2023, 9:12 am

സിഡ്‌നി: ബി.ജെ.പി നേതാവും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി ഓസ്‌ട്രേലിയയുടെ സ്ഥാപകനുമായ ബാലേഷ് ധന്‍ഖറിനെതിരെ ബലാത്സംഗക്കേസ്. വ്യാജ ജോലി വാഗ്ദാനം നല്‍കിയ ശേഷം നിരവധി യുവതികളെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുറിയിലെ ക്ലോക്കില്‍ ഓളിക്യാമറ ഘടിപ്പിച്ചായിരുന്നു ചിത്രീകരണം. സീരിയല്‍ റേപ്പിസ്റ്റ് എന്നാണ് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.

ധന്‍ഖര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ജോലി സംബന്ധമായ വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നത്. കൊറിയയില്‍ നിന്നും ഇംഗ്ലീഷിലേക്ക് ലേഖനം വിവര്‍ത്തനം ചെയ്യാന്‍ ആളുകളെ ആവശ്യമുണ്ടെന്ന പോസ്റ്റര്‍ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ധന്‍ഖറിന്റെ ബിസിനസ് സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് പറഞ്ഞു.

13 ബലാത്സംഗക്കേസുകളും, 17 വീഡിയോ റെക്കോര്‍ഡിങ് കേസുകളുമാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധന്‍ഖറിന്റെ ഇരകളില്‍ ഭൂരിഭാഗവും കൊറിയന്‍ വനിതകളാണെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ വനിതകളോട് ധന്‍ഖറിന് പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്നും, ഇവര്‍ അഭിനയിച്ച നിരവധി ലൈംഗിക സിനിമകള്‍ ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ജോലി വാഗ്ദാനം നല്‍കി ഇന്റര്‍വ്യൂ നടത്താനെന്ന വ്യാജേന ഇയാള്‍ സ്ത്രീകളെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ലഹരിവസ്തുക്കളും ഉറക്കഗുളികയും നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഹിന്ദു കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അസോസിയേറ്റ് കൂടിയാണ് പ്രതിയായ ധന്‍ഖര്‍. 2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദര്‍ശനം നടത്തിയ സമയത്ത് അദ്ദേഹത്തെ സ്വാഗതം ചെയ്യാനും മറ്റ് പരിപാടികള്‍ ആസൂത്രണം ചെയ്യാനും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: BJP leader who is  termed as a serial rapist caught in Australia