'നവംബര്‍ ഒന്നിന് ക്ഷേത്രങ്ങള്‍ തുറന്നില്ലെങ്കില്‍ പൂട്ട് പൊളിച്ചും ദര്‍ശനം നടത്തും'; ഉദ്ദവ് താക്കറെയോട് ബി.ജെ.പി നേതാവ്
national news
'നവംബര്‍ ഒന്നിന് ക്ഷേത്രങ്ങള്‍ തുറന്നില്ലെങ്കില്‍ പൂട്ട് പൊളിച്ചും ദര്‍ശനം നടത്തും'; ഉദ്ദവ് താക്കറെയോട് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 7:48 pm

മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ നവംബര്‍ ഒന്നിനകം തുറന്നില്ലെങ്കില്‍ അമ്പലങ്ങളുടെ പൂട്ട് പൊളിച്ച് ദര്‍ശനം നടത്തുമെന്ന് ബി.ജെ.പി നേതാവ് തുഷാര്‍ ബോസലെ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടിരിന്നു.

ഈ പശ്ചാത്തലത്തിലാണ് ബോസലെയുടെ വിമര്‍ശനം. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോസലെ പറഞ്ഞു.

‘ഞങ്ങള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി ചര്‍ച്ച നടത്തിയിരുന്നു. ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉദ്ദവ് താക്കറെയുടെ സര്‍ക്കാരിന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്, നവംബര്‍ ഒന്നിന് മുമ്പ് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറന്നില്ലെങ്കില്‍ പൂട്ട് പൊളിച്ചും ദര്‍ശനം നടത്തും’- ബോസലെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണറടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി താക്കറെയ്ക്ക് അയച്ച കത്ത് ഏറെ ചര്‍ച്ചയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്.

ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.

‘നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ ഒരു ആരാധകന്‍ ആയിരുന്നു. ആഷാഡ ഏകാദശി നാളില്‍ വിത്തല്‍ രുക്മണി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടുക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം എന്തെങ്കിലും വെളിപാടിനെ തുടര്‍ന്ന് ചെയ്തതാണോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’, എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.

ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.

ഒരു വശത്ത് സര്‍ക്കാര്‍ ബാറുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുവദിച്ചപ്പോള്‍ മറുവശത്ത് ദേവീദേവന്മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ഇതില്‍ അപലപിക്കുന്നു എന്നുമായിരുന്നു കോഷ്യാരി കത്തില്‍ പറഞ്ഞത്.

ദല്‍ഹിയില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നെന്നും എന്നാല്‍ ഇവിടെയൊന്നും കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നീട്ടിവെച്ചത്. എന്നാല്‍ സാഹചര്യം മനസിലാക്കി പെരുമാറേണ്ട ഗവര്‍ണറില്‍ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഒട്ടും പക്വമല്ലെന്നും വെറും ബി.ജെ.പി വക്താവായി അദ്ദേഹം തരംതാഴ്‌ന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP Leader Warns Udhav Thackeray